മൂരാട്‌ പാലത്തില്‍ നിയമം ലംഘിച്ച് മുന്നോട്ട് നീങ്ങിയ ട്രക്കിനു മുന്നില്‍ വീറോടെ തടഞ്ഞു നിന്ന് പയ്യോളിക്കാരിയായ ഹോം ഗാർഡ് ; ഒടുക്കം പട്ടാള വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി ഡ്രൈവര്‍


പയ്യോളി: ഗതാഗത നിയന്ത്രണം നടത്തുന്നതിനിടെ നിര്‍ദ്ദേശം അനുസരിക്കാതെ കടന്നു പോയ വാഹനത്തെ തടഞ്ഞു നിര്‍ത്തി കുരുക്കിലാക്കി ഹോം ഗാര്‍ഡ്. വടകര പോലീസിലെ ഹോം ഗാര്‍ഡ് നിഷാ ഗിരീഷാണ് ജീവന്‍ പണയപ്പെടുത്തി നിയമ ലംഘനം നടത്തിയ വാഹനത്തെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയ്ക്ക് മൂരാട് പാലത്തിനു സമീപത്തായിരുന്നു സംഭവം.

പാലത്തിന്റെ 100 മീറ്റര്‍ അകലെയായി വലിയ വാഹനങ്ങള്‍ റോഡരികിലേക്ക് വരിയായി നിര്‍ത്തിക്കുമ്പോഴാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള വലിയ ട്രക്ക് ഓവര്‍ടേക്ക് ചെയ്തുവന്നത്. റോഡരികിലെക്ക് മാറ്റാന്‍ പറഞ്ഞപ്പോള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ നിഷാ റോഡിലേക്ക് വാഹനത്തിനു മുന്നിലായി കയറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രക്ക് ഡ്രൈവര്‍ വീണ്ടും നിഷയെ ഇടിക്കാനെന്ന ഭാവത്തില്‍ വണ്ടി മുന്നോട്ട് എടുത്തു. ഇതോടെ നിഷ കൈ ഉയര്‍ത്തി ട്രക്കിനുമുന്നില്‍ അഭിമുഖമായി പിന്നോട്ടുനടന്നു.

ഒരുകല്ല് തട്ടി വീണതോടെ ആ കല്ലെടുത്ത് ഡ്രൈവറുടെ മുന്നിലുള്ള ചില്ലിന് എറിഞ്ഞു. ഗ്ലാസ് പൊട്ടിച്ചിതറിനിന്നു. ഡ്രൈവര്‍ പിന്നെയും വാഹനം ഹോംഗാര്‍ഡിനെ ഇടിച്ചിടാന്‍ എന്നോണം എടുത്തു. ഈ സമയം ആത്മരക്ഷാര്‍ഥം അടുത്ത ഗ്ലാസും കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും നാട്ടുകാര്‍ ഓടിക്കൂടി ഡ്രൈവറെയും വണ്ടിയും തടഞ്ഞു വെയ്ക്കുകയുമായിരുന്നു. വടകര ട്രാഫിക്ക് സ്റ്റേഷനില്‍ നിന്നും പോലീസെത്തി വണ്ടി സ്‌റ്റേഷനിലേക്ക് മാറ്റി രാത്രി 12 മണിവരെ വണ്ടി സ്‌റ്റേഷനില്‍ പിടിച്ചിട്ടശേഷം 5000 രൂപ ഫൈനും വാങ്ങി വിട്ടയച്ചു. ഇരുപത്തിരണ്ട് വര്‍ഷം സി.ആര്‍.പി എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന നിഷയുടെ പട്ടാളവീര്യമാണ് ആന്ധ്രാസ്വദേശിയായ ട്രക്ക് ഡ്രൈവറെ കുടുക്കിയത്.

വണ്ടി നിര്‍ത്താന്‍ പറയുന്നതിനനുസരിച്ച് ഡ്രൈവന്‍ എന്നോട് മാറാനായി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഞാനും തയ്യാറായില്ല. ഞാന്‍ എന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. നിങ്ങള്‍ വണ്ടി നിര്‍ത്തണം എന്ന് തന്നെ പറഞ്ഞു. നിഷ ഗിരീഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഹോം ഗാഡായി ജോലി ചെയ്യുമ്പോള്‍ ഇത്തരം മറ്റ് അനുഭവങ്ങളും ഉണ്ടാവാറുണ്ട്. ഈ സംഭവം നടന്ന ദിവസം തന്നെ ഒരു സ്വകാര്യ ബസ് ജീവനക്കാരനില്‍ നിന്നും ഇതേപോലൊരു സമീപനം ഉണ്ടായി. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മുന്നോട്ട് എടുത്ത് പോവുകയുണ്ടായി. തുടര്‍ന്ന് വിവരം അറിയിച്ചതോടെ ഈ ബസ് വടകര പോലീസ് പിടികൂടി.

എനിക്ക് മാത്രമല്ല സഹപ്രവര്‍ത്തകരായ ഹോം ഗാഡുമാരോടും പല വാഹനങ്ങളിലെ ഡ്രൈവര്‍മാരും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവാത്ത സാഹചര്യങ്ങള്‍ ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിഷ ഗിരീഷ് കൂട്ടിച്ചേർത്തു.

പയ്യോളി നഗരസഭാ 36ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നിഷ ഗിരീഷ് കോട്ടക്കല്‍ സ്വദേശിനിയാണ്.