കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എട്ട് ജില്ലകളിൽ റെഡ് അലർട്ട്


തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു.  എറണാകുളം, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, പത്തനംതിട്ടയിലെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി മുതൽ കാസർക്കോടുവരെയുള്ള എട്ട് ജില്ലകളിൽ നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അംഗനവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച) അവധി ബാധകമാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.