പെരുന്നാളിന് കുടുംബവുമായി ഒന്ന് കറങ്ങണ്ടേ? ഒറ്റ ദിവസം കൊണ്ട് കോഴിക്കോട് തന്നെ ആര്‍ത്തുല്ലസിക്കാന്‍ ഇതാ 10 സ്ഥലങ്ങള്‍


ഈ പെരുന്നാള്‍ യാത്ര കോഴിക്കോടിന്റെ മണ്ണിലേക്കായാലോ? പെരുന്നാള്‍ ദിനങ്ങള്‍ കുടുംബത്തോടൊപ്പം മനോഹരമാക്കാന്‍ തയ്യാറെടുക്കുന്നവരെ കാത്തിരിക്കുകയാണ് കോഴിക്കോട്. ഒറ്റ ദിവസം കൊണ്ട് കണ്ടുതീര്‍ക്കാനായി പത്തോളം സ്ഥലങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാക്കാനും ഉല്ലസിക്കാനും കഴിയുംവിധം കോഴിക്കോടിന്റെ മടിത്തട്ടിലൂടെ പോയിവരാം. കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ്, കാപ്പാട് ബീച്ച്, കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട, കടലുണ്ടി പക്ഷി സങ്കേതം, കക്കയം ഡാം, തോണിക്കടവ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, തുഷാരഗിരി, സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, മിശ്കാല്‍ പള്ളി തുടങ്ങിയവയെല്ലാം കോഴിക്കോടിന്റെ സൗന്ദര്യം യാത്രക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

മിഠായി തെരുവ്

കോഴിക്കോടുകാരുടെ വികാരമാണ് മിഠായി തെരുവ് അഥവാ എസ് എം സ്ട്രീറ്റ്. നല്ല അസ്സല്‍ കോഴിക്കോടന്‍ ഹല്‍വ ഉള്‍പ്പെടെ രുചികരമായ കോഴിക്കോടന്‍ വിഭവങ്ങള്‍ ഇവിടെ ധാരാളമാണ്. തെരുവും തെരുവിനെ മുറിച്ചു പോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവട സ്ഥലങ്ങളാണ്. കോഴിക്കോട്ടെ പബ്ലിക് ലൈബ്രറിയും ഈ തെരുവില്‍ തന്നെയാണ്.

കാപ്പാട് ബീച്ച്

കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇടം നേടിയ പ്രധാനമായ സ്ഥലമാണ് കാപ്പാട് ബീച്ച്. ഏറ്റവും മികച്ച ബീച്ചുകളെ തിരഞ്ഞെടുക്കുന്ന ബ്ലൂഫ്‌ലാഗ് പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളും കൊണ്ടു നിറഞ്ഞതാണിവിടം. അഞ്ഞൂറു മീറ്ററോളം നീണ്ടു കിടക്കുന്ന നടപ്പാത, രണ്ടു വ്യൂ ടവറുകള്‍, ഹട്ടുകള്‍, കഫ്ത്തീരിയ, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് തുടങ്ങിയവ ബീച്ചില്‍ ഒരുക്കിയിട്ടുണ്ട്. തിരകള്‍ പൊതുവെ കുറവായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും കടലില്‍ ഇറങ്ങി നിന്നുകൊണ്ട് ആസ്വദിക്കാനാവുന്നതാണ്.

വയലട

ബാലുശ്ശേരിക്കടുത്തുള്ള വളരെ മനോഹരമായൊരു മലയോര മേഖലയാണ് മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട. കണ്മുന്നിലൂടെ തിങ്ങി നീങ്ങി പോവുന്ന മേഘക്കൂട്ടങ്ങളും താഴ്വാരത്തായി പരന്നു കിടക്കുന്ന ഭൂപ്രദേശവും അതിനിടയിലൂടെയുള്ള ജലപ്രവാഹവും കാഴ്ച്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. പ്രകൃതിയെ തൊട്ടറിയാന്‍ ട്രക്കിംങ് നടത്താവുന്നതാണ്. നടത്തത്തില്‍ ക്ഷീണം നല്‍കാതിരിക്കാന്‍ എന്ന പോലെ മൃദുവായെരു കാറ്റ് എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും. ഇവിടുത്തെ കാഴ്ച്ചയും കാലാവസ്ഥയുമാണ് വയലടയെ മലബാറിന്റെ ഗവി ആക്കി മാറ്റിയത്.

കടലുണ്ടി പക്ഷി സങ്കേതം

കോഴിക്കോട് നിന്നും പത്തൊന്‍പതര കിലോമീറ്റര്‍ ദൂരെ കടലുണ്ടിയിലാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യന്നത്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍ച്ച് സെന്റര്‍ കൂടിയാണ് കടലുണ്ടി പക്ഷി സങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖമെന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി ഈ പക്ഷി സങ്കേതം പരന്നു കിടക്കുന്നു. പല തരം തദ്ദേശീയ പക്ഷികളും അവ കൂടാതെ ധാരാളം ദേശാടന പക്ഷികളെയും ഇവിടെ കാണാം.

വ്യത്യസ്ത ഇനം കണ്ടല്‍ക്കാടുകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച്ച. തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ക്ക് ഇടയിലൂടെ ദേശാടന പക്ഷികളെ തിരഞ്ഞുള്ള യാത്ര പ്രത്യേകമായൊരു അനുഭവം തന്നെയാണ്. പരിസ്ഥിതി സംരക്ഷിത മേഖല എന്ന നിലയില്‍ അതിലൂടെ സഞ്ചരിക്കാന്‍ സാധാരണ രീതിയിലുള്ള തോണികള്‍ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ദേശാടന പക്ഷികള്‍ ധാരാളമായി കണ്ടുവരാറുള്ളത്.

കൊല്ലം പാറപ്പള്ളി

കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമാണ് പാറപ്പള്ളി. പെരുന്നാളിന് സ്ഥിരമായി വലിയ തോതില്‍ വിശ്വാസികള്‍ ഇവിടെ എത്തുന്നു. കൊയിലാണ്ടിയില്‍ നിന്നും ഒന്നൊരകിലോമീറ്റര്‍ ദുരെമാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്ന് കടലിന്റെ മനോഹാരിത മനംനിറയുവോളം നുകരാം. ആദം നബിയുടെ കാലടയാളം , ഔലിയ കിണര്‍ , മാലിക് ദീനാറും കൂട്ടരും വിശ്രമിച്ച സ്ഥലം, ബദ്രിങ്ങളുടെ മഖ്ബറ , ഔലിയ വെള്ളം തുടങ്ങിയവയാണ് വിശ്വാസപരമായി ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

കക്കയം ഡാം

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ മാറി കൂരാച്ചുണ്ടു ഗ്രാമത്തിലാണ് കക്കയം. അവിടെ നിന്നും പതിനഞ്ച് കിലീമീറ്റര്‍ ചുരം റോഡ് വഴി പോയാല്‍ കക്കയം ഡാമില്‍ എത്താം. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. ഡാമിന്റെ സൗന്ദര്യം ആഴത്തില്‍ അടുത്തറിയാന്‍ സ്പീഡ് ബോട്ടിലൂടെയുള്ള യാത്ര തിരഞ്ഞെടുക്കാം. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുടെയും ഇടതൂര്‍ന്ന വനങ്ങളുടെയും മനോഹരമായ രൂപം കാണാന്‍ ഈ ബോട്ട്് യാത്ര കൊണ്ട് സാധിക്കും. ചില പ്രത്യക ഘട്ടങ്ങളില്‍ യാത്രക്കിടെ വൃഷ്ടി പ്രദേശങ്ങളിലായി ആന, കാട്ടുപോത്ത്,  മാന്‍ തുടങ്ങിയവ വിഹരിക്കുന്നതും കാണാം.

തോണിക്കടവ്

കക്കയം ഡാമിനടുത്തുള്ള മനോഹരമായ വിനോദ സഞ്ചാര മേഖലയാണ് മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന തോണിക്കടവ്. ആകാശത്തോളം വലുപ്പത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും കുന്നുകള്‍ക്കിടയിലായി രൂപം പ്രാപിച്ച ചെറു ദ്വീപും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. കുറ്റ്യാടി റിസര്‍വോയറിന്റെ ഭാഗമായ ജലാശയത്തിലൂടെയുള്ള ബോട്ടിങ് മറ്റൊരു മനോഹരമായ അനുഭവമാണ്. ഇവിടെ കുട്ടികള്‍ക്കായുള്ള പാര്‍ക്കും കൂടാരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട്. വാച്ച് ടവര്‍ ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ആകാശ കാഴ്ച്ച പോലെ വാച്ച്ടവറിനു മുകളില്‍ നിന്നു നോക്കിയാല്‍ ചുറ്റുമുള്ള മുഴുവന്‍ പ്രദേളത്തെയും കാണാന്‍ കഴിയും.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

കോഴിക്കോട് നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള ഒളവണ്ണ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സസ്യോദ്യാനമാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ്് സയന്‍സസ്. ദേശീയ ജൈവ വൈവിധ്യ ബോര്‍ഡിന്റെ ലീഡ് കേന്ദ്രമാണിത്. വംശനാശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ ജലസസ്യങ്ങള്‍ ഉള്‍പ്പെടെ പലതരം ഔഷധ സസ്യങ്ങളും മറ്റനേകം ഫലവൃക്ഷങ്ങളും സുഗന്ധദ്രവ്യങ്ങളും ഇവിടെ കാണപ്പെടുന്നണ്ട്. നിരലധി ജല സസ്യങ്ങളും ഇവിടെ സംരക്ഷിച്ചു പോരുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടം ഏറെ സഹായകരമായിരിക്കും.

തുഷാരഗിരി വെള്ളച്ചാട്ടം

മഞ്ഞണിഞ്ഞ മലകള്‍ എന്നര്‍ത്ഥമുള്ള തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്്. ഏറാട്ടുമുക്കു വെള്ളച്ചാട്ടവും മഴവില്‍ച്ചാട്ടവും തുമ്പിതുള്ളും പാറ വെള്ളച്ചാട്ടവും മൂന്നു തട്ടുകളായി നിലകൊള്ളുന്നു. വന്യജീവികള്‍ വിഹരിക്കുന്ന വനത്തിലൂടെ സാഹസികത ഇ്ഷ്ടപ്പെടുന്നവര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. ജൂണ്‍ ജൂലൈ ഓഗസ്റ്റ്് മാസങ്ങളില്‍ വെള്ളച്ചാട്ടത്തെ അതിന്റെ മുഴുവന്‍ തീവ്രതയോടെയും കാണാന്‍ കഴിയും. താന്നി മുത്തശ്ശി എന്നു വിളിക്കുന്ന താന്നി മരമാണ് ഇവിടുത്തെ മറ്റൊരു പ്രത്യകത. വളരെയേറെ വലിപ്പമുള്ള ഈ മരത്തിന്റെ ഉള്‍വശം പൊള്ളയാണ്. രണ്ടാളുകള്‍ക്ക് ഒരുമിച്ച് കയറി നില്‍ക്കാവുന്ന തരത്തില്‍ അതിനു വിസ്താരമുണ്ട്. വെള്ളച്ചാട്ടം കണ്ടു തിരിച്ചിറങ്ങുന്നവര്‍ക്ക്  വിശ്രമിക്കാനും കുട്ടികള്‍ക്ക് രസിക്കാനും പാര്‍ക്കും ഇരിപ്പിടവും ഉണ്ട്.

സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്

കോഴിക്കോട് ഇരിങ്ങലില്‍ ഇരുപത് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കലാ കൗശല ഗ്രാമമാണ് സര്‍ഗാലയ. വിവിധ കര കൗശല വസ്തുക്കള്‍ വില്‍ക്കുന്ന അറുപതോളം സ്റ്റാളുകള്‍ ഇതിനുള്ളിലുണ്ട്. ആവശ്യമായ വസ്തുക്കള്‍ വാങ്ങിക്കുകയും അതോടൊപ്പം നിര്‍മ്മാണം കാണാനും സാധിക്കുന്നു. കരകൗശല ഗ്രാമത്തില്‍ കേരള സംസ്ഥാന ടൂറിസം അവാര്‍ഡ് ദാന ചടങ്ങുകള്‍ നടത്താറുണ്ട്. മൂരാട് പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നതു കൊണ്ട് വിനോദ ബോട്ടിങ് സൗകര്യങ്ങളും ഇവിടെയുണ്ട്.

മിശ്കാല്‍ പള്ളി

കോഴിക്കോടിന്റെ ചരിത്രത്തിലും പൈതൃകത്തിലും സ്ഥാനം പിടിച്ച പുരാതനമായ പള്ളിയാണ് മിശ്കാല്‍ പള്ളി. ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണിത്. ഇതിന് ഇരുപത്തിനാലു തൂണുകളും നാല്‍പ്പത്തിയേഴു വാതിലുകളുമുണ്ട്. ക്ഷേത്രങ്ങളുടെ രൂപകല്‍പ്പനയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളിയില്‍ ഒരു ചതുരക്കുളവുമുണ്ട്. മുന്നൂറോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ തരത്തിലുള്ള തറനിലവും മരത്തടിയാല്‍ നിര്‍മ്മിച്ച തൂണുകളും ഇവിടുത്തെ പ്രത്യകതയാണ്.