കനത്ത മഴയും ഗതാഗതക്കുരുക്കും: വലഞ്ഞ് കൊയിലാണ്ടി; കുരുക്കഴിക്കാൻ നേരിട്ടിറങ്ങി സി.ഐ സുനിൽ കുമാർ


കൊയിലാണ്ടി: ഇന്ന് വൈകീട്ടുണ്ടായ കനത്ത മഴയിലും രൂക്ഷമായ ഗതാഗതക്കുരുക്കിലും വലഞ്ഞ കൊയിലാണ്ടി നഗരത്തെ ‘രക്ഷിക്കാൻ’ നേരിട്ട് രംഗത്തിറങ്ങി സി.ഐ എൻ.സുനിൽകുമാർ. ടൗണിൻ്റെ വടക്ക് ഭാഗത്താണ് ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടത്. മൂന്നും നാലും വരിയായി വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ നിര നീണ്ടു.

കൊയിലാണ്ടിയിൽ ഇന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്


അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ പോലും കുരുക്കിൽ പെട്ടു. വൈകീട്ട് ട്രെയിൻ അപകടത്തിൽ മരിച്ച ആനന്ദ് എന്ന വിദ്യാർത്ഥിയെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ച വാഹനം പോലും കുരുക്കിൽ പെട്ടു. തിക്കോടി സ്വദേശികളായ യുവാക്കളാണ് പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. ഗതാഗതക്കുരുക്ക് കാരണം ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ബക്രീദ് ആഘോഷവും നന്തിയിൽ മരം ചരിഞ്ഞതുമാണ് ഗതാഗതകുരുക്കിന് കാരണം. നന്തി മുതൽ കൊയിലാണ്ടി ടൗൺ വരെയും കൊയിലാണ്ടി മുതൽ ചേമഞ്ചേരി വരെയും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. തുടർന്നാണ് കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിച്ചത്. പൊലീസ് രണ്ട് വരിയായി ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത്. രാത്രി വൈകിയും ഗതാഗതകുരുക്ക് തുടർന്നു.