ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍


പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ ബാധിക്കുന്നത്ര വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടാവുന്നത്.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒരുഭാഗത്തെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഈ പുതിയ പാത വഴിയാണ് ഇപ്പോള്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ കടത്തി വിടുന്നത്. പുതിയ പാത വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തത് മുതലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ തുടങ്ങിയത്. ചീനംവീട് യു.പി സ്‌കൂള്‍ മുതല്‍ അരവിന്ദ്‌ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്താണ് പുതിയ പാത നിര്‍മ്മിച്ചത്.

ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന സമയങ്ങളില്‍ പോലും കുരുക്ക് അഴിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. മൂരാട് പാലത്തിന് ഇരുവശത്തും ഗതാഗത നിയന്ത്രണത്തിന് സംവിധാനമുണ്ടെങ്കിലും അത് ദേശീയപാതയിലെ കുരുക്കഴിക്കാന്‍ പര്യാപ്തമല്ല.

കഴിഞ്ഞ ആഴ്ച ബൈക്കും പൊലീസ് ജീപ്പും കൂട്ടിയിടിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.