ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്; കടത്തനാടന്‍ പാരമ്പര്യത്തിന് പിന്തുടര്‍ച്ചക്കാരെ ഒരുക്കാന്‍ പുതുതലമുറയെ കളരിയിലേക്കെത്തിച്ച് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്
കൊയിലാണ്ടി: കടത്തനാടന്‍ കളരി പാരമ്പര്യത്തിന് പിന്തുടര്‍ച്ചക്കാരെ ഒരുക്കാന്‍ പുതുതലമുറയെ കളരിയിലേക്കാകര്‍ഷിച്ച് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിശീലനം നാളുകള്‍ പിന്നിടുമ്പോള്‍ കോളേജ് തലത്തിലും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാന്‍ പ്രാപ്തിയുള്ളവരായി ഇവിടുത്തെ കുട്ടികള്‍ മാറിക്കഴിഞ്ഞു.
തുടര്‍ച്ചയായി രണ്ടു വര്‍ഷമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍സോണ്‍ കളരി ചാമ്പ്യന്മാരാണ് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ വനിതാ ഇത്തവണയും മികച്ച പ്രകടനം കാഴ്ച വച്ചു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിലെ കളരി അഭ്യാസികള്‍. ദേശീയ മെഡല്‍ ജേതാവായ ഷെഫലി ഉള്‍പ്പെടെ പതിനഞ്ചോളം താരങ്ങളാണ് കോളേജിനു വേണ്ടി അങ്കത്തിന് ഇറങ്ങുന്നത്.
ദിവസവും ചിട്ടയായി നടക്കുന്ന കളരി പരിശീലനത്തിന് വടകര, വില്യപ്പള്ളി ചൂരക്കൊടി കളരി സംഘത്തിന്റെ ഗുരുക്കന്മാരായ കുഞ്ഞു മൂസ ഗുരുക്കളും അഷറഫ് ഗുരുക്കളും നേതൃത്വം നല്‍കുന്നു. കോളേജ് കായിക വിഭാഗം മേധാവി ഡോ. അനീഷ് ബാബുവാണ് കളരി സംഘത്തെ നയിക്കുന്നത്. എല്ലാ പിന്തുണയും നല്‍കി പ്രിന്‍സിപ്പല്‍ ഡോ. സി.വി. ഷാജിയും അധ്യാപക, അനധ്യാപക വിദ്യാര്‍ത്ഥി സമൂഹവും ഒപ്പമുണ്ട്.
ഇന്റര്‍സോണ്‍ വിജയികളായ കളരി ടീം അംഗങ്ങള്‍ക്ക് കോളേജ് യൂണിയനും അധ്യാപകരും ചേര്‍ന്ന് ഉജ്വലമായ വരവേല്‍പ്പ് നല്‍കി. സ്വീകരണ സമ്മേളനം മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമൂസ ഗുരിക്കളെയും അഷറഫ് ഗുരിക്കളെയും പൊന്നാട അണിയിച്ചു സ്വീകരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീജിത്ത് ഇ, ഡോ. അനീഷ് ബാബു പി വി, ഡോ. സിജു കെ ഡി എന്നിവര്‍ സംസാരിച്ചു. തേജസ് ചന്ദ്ര സ്വാഗതവും ശ്രീദേവ് നന്ദിയും പറഞ്ഞു.