ഇര്‍ഷാദ് കൊല്ലപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: സ്വാലിഹ് അടക്കമുള്ള പ്രധാന പ്രതികളുടെ പാസ് പോര്‍ട്ട് റദ്ദാക്കി


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലെ ഇര്‍ഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ സംഘത്തിലെ പ്രധാനികളുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. നാസര്‍ എന്ന മുഹമ്മദ് സ്വാലിഹ്, ഷംനാദ്, ഉവൈസ് എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ ആണ് റദ്ദ് ചെയ്തത്. ജില്ലാ പാസ്‌പോര്‍ട്ട് ഓഫിസര്‍ ആണ് നടപടി എടുത്തത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കേസില്‍ മുഖ്യപ്രതി നാസര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നടപടി നേരത്തെ ആരംഭിച്ചിരുന്നു. നാസര്‍ എന്ന സ്വാലിഹ്, നൗഷാദ്, ഉവൈസ് എന്നിവര്‍ക്ക് നോട്ടീസയച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് പാസ്പോര്‍ട്ട് റദ്ദാക്കലിന് മുന്നോടിയായുള്ള നോട്ടീസയച്ചത്.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നു കരുതപ്പെടുന്നയാളാണ് സ്വാലിഹ്. സ്വാലിഹിന്റെ സഹോദരനാണ് ഷംനാദ്. ഉനൈസ് കുന്നമംഗലം സ്വദേശിയാണ്.

ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ വിദേശത്തുനിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കുന്നത്.