ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു; കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
നാദാപുരം: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.
ആകെ 13 കേസുകളാണ് കുറ്റ്യാടി, നാദാപുരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒമ്പത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി പ്രാഥമിക കുറ്റപത്രം നാദാപുരം ജെഎഫ്എംസി – 1 മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. പയ്യോളി പോലീസ് സ്റ്റേഷനിലെ നാല് കേസുകൾ അന്വേഷണ അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോൾഡ് പാലസ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടും സ്ഥാപനങ്ങളും പരിശോധന നടത്തി സ്വർണ്ണവും, പ്രതികളുടെയും കുടുംബാംഗങ്ങളുടെയും ആധാരങ്ങളും , ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും ബന്തവസിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്ക് മാനേജർമാർക്ക് കത്ത് നൽകുകയും, സ്വത്ത് വകകൾ കൈമാറ്റം ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
Summary: Gold Palace jewelery scam: All accused in cases arrested; Chief Minister Pinarayi vijayan’s reply to KP Kunjammat Kutty Master MLA’s question