കണ്ണ് മുതല്‍ കരളുവരെയുണ്ട് മുരിങ്ങയിലയുടെ കരുതല്‍; മുരിങ്ങയിലയുടെ എണ്ണമറ്റ ആരോഗ്യഗുണങ്ങളിതാ


കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യഥേഷ്ടം തഴച്ചുവളരുന്ന ഒന്നാണ് മുരിങ്ങ മരം. പണ്ട് തൊട്ടേ മലയാളി അടുക്കളകളില്‍ പല തരം മുരിങ്ങ, മുരിങ്ങയില ഭക്ഷണ വിഭവ വൈവിധ്യങ്ങള്‍ ധാരാളമുണ്ട് താനും. മുരിങ്ങ ഒരിക്കലും ഒരു സാധാരണ വൃക്ഷമല്ല. അതിന്റെ പുറം തൊലി മുതല്‍ വേരുവരെയുള്ള എല്ലാ ഭാഗവും വിശിഷ്ടമാണ്.

മുരിങ്ങയുടെ കായും ഇലയും എന്തിന് പൂവ് വരെ പല വീടുകളിലും രോരനുണ്ടാക്കാനും കറിയുണ്ടാക്കാനുമെല്ലാം ഉപയോഗിക്കാറുണ്ട്. അതിന്റെ എണ്ണ, വേര്, പുറംതൊലി, വിത്ത്, പൂക്കള്‍ എന്നിവയ്ക്കും ഔഷധഗുണമുള്ളതിനാല്‍ അവ ഉപയോഗിച്ച് പാരമ്പര്യ വൈദ്യ കൂട്ടുകളും അങ്ങാടി മരുന്നുകളും വരെ നിര്‍മ്മിക്കാറുണ്ട്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് മുരിങ്ങ മരം കൂടുതലായി കാണപ്പെടുന്നത്.

പ്രതീക്ഷക്കുമപ്പുറം ആരോഗ്യഗുണങ്ങളുള്ള മുരിങ്ങയില നിത്യേന നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്.
പ്രോട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളും ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മം, മുടി, എല്ലുകള്‍, കരള്‍, ഹൃദയം എന്നിവയുടെ സംരക്ഷണത്തിന് ഇത് അത്യുത്തമമാണ്.

മുരിങ്ങയില, വിറ്റാമിനുകളുടെ കലവറ

വൈറ്റമിന്‍ എ, സി, ബി1 (തയാമിന്‍), ബി2 (റൈബോഫ്‌ലേവിന്‍), ബി3 (നിയാസിന്‍), ബി6, ഫോളേറ്റ് എന്നിവ ധാരാളമടങ്ങിയ മുരിങ്ങയിലയില്‍ മഗ്‌നീഷ്യം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയാലും സമ്പന്നമാണ്.

ഒരു കപ്പ് മുരിങ്ങയിലയില്‍ 2 ഗ്രാം പ്രോട്ടീന്‍, മഗ്‌നീഷ്യംന- Recommended Dietary Allowances ന്റെ 8 ശതമാനം, വിറ്റാമിന്‍ ബി 6- Recommended Dietary Allowances ന്റെ 19 ശതമാനം, ഇരുമ്പ്- Recommended Dietary Allowances ന്റെ 11 ശതമാനം), റൈബോഫ്‌ലേവിന്‍- ( Recommended Dietary Allowances ന്റെ 11 ശതമാനം) എന്നിങ്ങനെ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ- Recommended Dietary Allowances ന്റെ 9 ശതമാനമാണ് അടങ്ങിയിട്ടുള്ളത്.

അമിനോ ആസിഡുകള്‍ ധാരാളം

പ്രോട്ടീനുകളുടെ നിര്‍മാണ ഘടകമായ പതിനെട്ട് തരം അമിനോ ആസിഡുകള്‍ മുരിങ്ങയിലയില്‍ കാണപ്പെടുന്നു, അവ ഓരോന്നും നമ്മുടെ ആരോഗ്യപരിപാലനത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല.

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നം

മുരിങ്ങയിലയില്‍ ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങളുമുണ്ട്.  ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അല്‍ഷിമേഴ്‌സ് തുടങ്ങിയ പല വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്നും ഇവ നമ്മളെ രക്ഷിക്കും. കാരണം ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ മുരിങ്ങയിലയില്‍ സമൃദ്ധമായി ഉണ്ട്. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ഒരു ആന്റിഓക്സിഡന്റായ ക്ലോറോജെനിക് ആസിഡ്  ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായകമാണ്.

1.5 ടീസ്പൂണ്‍ മുരിങ്ങയില പൊടി മൂന്ന് മാസം സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുന്നതായി സ്ത്രീകളുടെ ഇടയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാകുന്നുണ്ട്.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താം

പ്രമേഹത്തിന് കാരണമാകുന്ന രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്താനും മുരിങ്ങയില സഹായിക്കും. മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള ഐസോത്തിയോസയനേറ്റുകളുടെ സാന്നിധ്യമാണ് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായകമായ ഘടകം.

കാഴ്ചയ്ക്ക് കാവല്‍

നിശാന്ധത ഒഴിവാക്കുന്നതിനും വ്യക്തമായ കാഴ്ച നിലനിര്‍ത്തുന്നതിനും മുരിങ്ങയിലയുടെ ഉപയോഗം ഗുണകരമാണ്. മുരിങ്ങയിലകളിലെ വിറ്റാമിന്‍ എ യുടെ സാന്നിധ്യമാണ് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. തിമിരം പോലുള്ള കാഴ്ചാ വൈകല്യങ്ങളെ ഒരു പരിധിവരെ തടുത്ത് നിര്‍ത്താനും മുരിങ്ങയിലയുടെ ഉപയോഗത്താല്‍ കഴിയും.

കൊളസ്ട്രോളിനെ ഭയക്കേണ്ട

കൊളസ്ട്രോളിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ കൊളസ്ട്രോളിന്റെ അളവ് ഉയരാറുണ്ട്. അത്തരം അവസരങ്ങളില്‍ മുരിങ്ങയില ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

കരളിനെ കാക്കാന്‍ മുരിങ്ങയില

മുരിങ്ങയിലകളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന പോളിഫെനോള്‍ കരളിനെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും അവ കരളിലെ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദഹനസംബന്ധമായ തകരാറുകള്‍ക്കെതിരെ പോരാടി  ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാല്‍ വയര്‍ സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ കൂടിയുള്ള ഒരു മാര്‍ഗമാണ് മുരിങ്ങയിലയുടെ ഉപയോഗം എന്ന് പറയാം. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ സമൃദ്ധമായുള്ളതിനാല്‍ മനുഷ്യ ശരീരത്തിലെ എല്ലുകളുടെ സംരക്ഷണത്തിനും മുരിങ്ങയില ഉപയോഗം ഗുണകരമാണ്. മുരിങ്ങയുടെ ഇലകള്‍ ആന്റിസെപ്റ്റിക് ആയതിനാല്‍ അവ പല ബാക്ടീരിയ അണുബാധകളെയും ചെറുക്കും. ചതവ്, ചെറിയ മുറിവുകള്‍, പൊള്ളല്‍ തുടങ്ങിയവ എളുപ്പം സുഖപ്പെടുത്താന്‍ മുരിങ്ങയിലയെ ആശ്രയിക്കുന്നവരുമുണ്ട്. മുരിങ്ങയില ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും തിളക്കവും  മെച്ചപ്പെടുത്താനും സഹായിക്കും.