രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍


കോഴിക്കോട്: അതിമാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി നാലുപേര്‍ ആന്റി നാര്‍കോടിക്ക് സെലിന്റെ പിടിയില്‍. മേലെ എടക്കാട്ടില്‍ അബ്ദുല്‍ മനാഫ് (37), കൊടക്കാട്ട് സക്കീര്‍ ഹുസൈന്‍(30), ഉള്ളിശ്ശേരി തൊടി നെഹ്ഫു(38) എന്നിവര്‍ എം.ഡി.എം.എയും കഞ്ചാവുമായും പറമ്പില്‍ ബസാര്‍ കൃഷ്ണാലയത്തില്‍ വൈഷ്ണവ് (23) എം.ഡി.എം.എയുമായാണ് അറസ്റ്റിലായത്.

ഫറോക്ക്, ചെലവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. വൈഷ്ണവില്‍ നിന്ന് 1.25 ഗ്രാം എം.ഡി.എം.എയും മറ്റുള്ളവരില്‍ നിന്ന് 4.96 ഗ്രാം എം.ഡി.എം.എയും 114 ഗ്രാം കഞ്ചാവും പിടികൂടി.

ഫറോക്ക്, ചെലവൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.