നാട്ടുകാര്‍ക്ക് മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്കും ആശ്വാസം; കോരപ്ര-പൊടിയാടി റോഡില്‍ പാലങ്ങളുടെ പണി പുരോഗമിക്കുന്നു, പാലങ്ങള്‍ ദീപാലംകൃതമാക്കാനും സാധ്യത


കൊയിലാണ്ടി: നാട്ടുകാര്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ആശ്വാസമായി കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപിക്കുന്ന കോരപ്ര- പൊടിയാടി റോഡില്‍ നടക്കല്‍, മുറി നടക്കല്‍ പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. നടക്കല്‍ പാലത്തിന്റെ നിര്‍മ്മാണം ഏതാണ് പൂര്‍ത്തിയായി. മുറി നടക്കല്‍ പാലത്തിന്റെ സ്പാന്‍ നിര്‍മ്മാണമാണ് ഇനി പൂര്‍ത്തിയാകാനുളളത്.

നടക്കല്‍ പാലത്തിന്റെ ഇരു വശത്തും സമീപ റോഡ് ഇല്ലാത്തതിനാല്‍ പാലത്തിലൂടെ യാത്ര ചെയ്യാനാവുന്നില്ല. അതിനാല്‍ തന്നെ പാലങ്ങള്‍ പൂര്‍ത്തിയാകുന്നതോടൊപ്പം സമീപ റോഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാകാനുണ്ട്.

നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ നേരത്തെ നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച എട്ടുകോടി രൂപ ചെലവിലാണ് ഇരു പാലങ്ങളും നിര്‍മിക്കുന്നത്. ഇരു പാലങ്ങളും ഗതാഗത യോഗ്യമായാല്‍ കീഴരിയൂര്‍-തുറയൂര്‍ റോഡ് വഴിയുളള ഗതാഗതം സുഗമമാകും.

വിനോദ സഞ്ചാര വികസനത്തിന് ഏറെ സഹായകരമാകുന്ന പാലങ്ങളാണ് ഇത്. പ്രകൃതിസുന്ദരമായ അകലാപ്പുഴയുടെ തീരത്തുകൂടിയാണ് കോരപ്ര-പൊടിയാടി റോഡ് കടന്നു പോകുന്നത്. ടൂറിസം സാധ്യത മുന്നില്‍ കണ്ട് പുതുതായി നിര്‍മ്മിക്കുന്ന രണ്ട് പാലങ്ങളും ദീപാലംകൃതമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചന. പാലങ്ങള്‍ ദീപാലംകൃതമാക്കണമെന്നാവശ്യപ്പെട്ട് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു.

6,200 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കോരപ്ര-പൊടിയാടി റോഡിന്റെ 3.5 കിലോമീറ്റര്‍ ദൂരം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തിലും ബാക്കി തുറയൂര്‍ ഗ്രാമപ്പഞ്ചായത്തിലുമാണ്. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് വികസിപ്പിക്കണമെന്നതാണ് ആവശ്യം. ഈ റോഡിലൂടെയുള്ള യാത്ര സുഗമമായാല്‍ കീഴരിയൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് തുറയൂര്‍ വഴി വടകര ഭാഗത്തേക്ക് എത്താനുളള ദൂരവും കുറയും. ഗതാഗതസൗകര്യം മെച്ചപ്പെടുന്നതോടെ അകലാപ്പുഴ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ടൂറിസം സാധ്യതകളും വര്‍ധിക്കും.