താജ്മഹലുള്‍പ്പെടെ ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പറക്കാം; കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജുമായ് ഐ.ആര്‍.സി.ടി.സി


താജ്മഹല്‍ കാണാനാഗ്രഹിക്കാത്ത ആരുണ്ട്. എല്ലാ മലയാളികളും മനസില്‍ തോലോലിക്കുന്ന സ്വപ്നമാണ് ഒരിക്കലെങ്കിലും ആ പ്രണയമന്ദിരത്തിന് മുന്നില്‍ പോയി അത് പശ്ചാത്തലമാക്കി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്നത്.  ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചരിത്രമുറങ്ങുന്ന ഇടങ്ങളിലും ഒറ്റയടിക്ക് പോയി വരാന്‍ ഒരു യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്  ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി).

ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്ന പേര് നല്‍കിയിരിക്കുന്ന ഈ പാക്കേജ്  കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് തന്നെ അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്.  ആറ് രാത്രിയും ഏഴ് പകലുമായ് ക്രമീകരിച്ചിരിക്കുന്ന യാത്ര 2024 മാര്‍ച്ച് 30ന് രാത്രിയോടെ ആരംഭിക്കും. കോഴിക്കോട് നിന്ന് വിമാനമാര്‍ഗം പുറപ്പെട്ട് രാത്രി ഒരുമണിയോടെ ഡല്‍ഹിയിലെത്തും. രാവിലെ റെഡ് ഫോര്‍ട്ട് രാജ്ഘട്ട്, ഇന്ത്യാ ഗേറ്റ്, ഗാന്ധി മെമ്മോറിയല്‍, ഇന്ദിരാഗാന്ധി മെമ്മോറിയല്‍, അക്ഷര്‍ധാം എന്നിവയും പിറ്റേദിവസം കുത്തബ് മിനാര്‍, ലോട്ടസ് ക്ഷേത്രം എന്നിവയും സന്ദര്‍ശിക്കും. നാലാമത്തെ ദിവസം രാവിലെ ജയ്പൂരിലേക്ക്  പോകുന്ന യാത്രാസംഘം. രണ്ട് ദിവസം കൊണ്ട് ആംബര്‍ കോട്ടയും ഹവ മഹലും ജയ്പൂര്‍ നഗരവുമുള്‍പ്പടെ പ്രധാനപ്പെട്ട കാഴ്ചകളെല്ലാം കണ്ട ശേഷം ആഗ്രയിലേക്ക് തിരിക്കും. താജ്മഹലും, ഫത്തേപ്പൂര്‍ സിക്രിയും ആഗ്ര കോട്ടയുമെല്ലാം കണ്ട് ഏപ്രില്‍
അഞ്ച് വൈകിട്ട് 6.20ന് കോഴിക്കോട്ടേക്ക്‌ വിമാനം കയറി 9.25ന്  ആകുമ്പോഴേക്കും തിരിച്ചെത്തിച്ചേരും.

ഒരാള്‍ക്ക് ഈ യാത്രയ്ക്കായി വേണ്ട നിരക്ക് 34300 രൂപ മുതല്‍ 48050 രൂപവരെയാണ് . വിമാന ടിക്കറ്റുകള്‍, രാവിലത്തെയും രാത്രിയിലെയും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ തുക. 30 പേര്‍ക്കാണ് ഈ ടൂറില്‍ സീറ്റുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി വൈബ്‌സൈറ്റുമായി ബന്ധപ്പെടാം.