കോഴിക്കോട്- മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍


കുന്ദമംഗലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച്ച രാത്രി കോഴിക്കോട്- മാനന്തവാടി കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് യുവതിക്ക് നേരെ അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബസില്‍ ഡ്രൈവര്‍ക്ക് സമീപം ബോണറ്റില്‍ ഇരുന്ന യുവതിക്ക് നേരെ അതിക്രമം ഉണ്ടായി എന്നാണ് പരാതി.

യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാത്രി തന്നെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. രാവിലെ ഇബ്രാഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.