കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വാദ്യമേളങ്ങള്‍ക്ക് താളംപകര്‍ന്ന ആ കൈകള്‍ ഇനിയില്ല; കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന് വിട
ചേമഞ്ചേരി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലെയും വാദ്യമേളങ്ങളുടെ പിന്നണിയില്‍ ഏറെക്കാലമായുണ്ടായിരുന്ന വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍ ഓര്‍മ്മയായിരിക്കുകയാണ്. അവസാന നാളുകളിലും വാദ്യകലാരംഗത്ത് അദ്ദേഹം സജീവമായിരുന്നു, പഴയതുപോലെ ദൂരെയെങ്ങും പോകാനായില്ലെങ്കിലും നാട്ടിലും പരിസരങ്ങളിലുമുള്ള ഉത്സവങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ അദ്ദേഹമുണ്ടായിരുന്നു.
1959 ജൂലൈ ഇരുപതാം തിയ്യതിയാണ് കുഞ്ഞിരാമന്‍ നായരുടെയും നാണിയമ്മയുടെയും മകനായി കരിയാണ്ടി തറവാട്ടില്‍ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍ ജനിച്ചത്. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിന് അടുത്തായിരുന്നു വീട്. ഇവിടുത്തെ യഏറെ കീര്‍ത്തികേട്ട ശിവരാത്രി നാളുകളിലെ മേളങ്ങളും പഞ്ചവാദ്യങ്ങളും കണ്ടുവളര്‍ന്ന ഗോപാലകൃഷ്ണന് വാദ്യകലയോട് അടങ്ങാട്ട ഇഷ്ടം തോന്നി.
മേലൂര്‍ ഗംഗധാരന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം പേരാമംഗലം നാരായണമാരാരുടെ അടുത്ത് പോയി കാര്യങ്ങള്‍ അവതരിപ്പിച്ചു. അങ്ങനെ തിമിലയുടെ പാഠങ്ങള്‍ പ്രസിദ്ധ വാദ്യകലാകാരന്‍ ആയ കാഞ്ഞിലശ്ശേരി പത്മനാഭനോപ്പം പഠിച്ചെടുത്തു. 1979-80 കാലഘട്ടങ്ങളില്‍ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ വെച്ച് കാഞ്ഞിലശ്ശേരി തേവരുടെ തിരുസന്നിധിയില്‍ തിമിലയുടെ അരങ്ങേറ്റം നടത്തി. കുറേക്കാലം ഒരുപാട് ക്ഷേത്രങ്ങളില്‍ തിമില കൊട്ടി നടന്നു.
വടക്കേമലബാറിന്റെ വാദ്യവിസ്മയം കലാമണ്ഡലം ശിവദാസന്‍മാരാരുടെ ജ്യേഷ്ഠനും പ്രസിദ്ധ വാദ്യകുലപതിയും ആയിരുന്ന കലാമണ്ഡലം രാമചന്ദ്രമാരാരുടെ ശിക്ഷണം ആണ് മേളങ്ങളായ ചെമ്പട, അടന്ത പാണ്ടി, പഞ്ചാരി, തുടങ്ങി ഒട്ടനവധി മേളങ്ങള്‍ക്ക് താളക്കാരാവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. തുടര്‍ന്ന് തായമ്പകകളിലും താളക്കാരനായി മാറി.
വടക്കേ മലബാറിലെ ഈശ്വര പൂര്‍ണതയുള്ള വാദ്യകുലപതിമാരായ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്, കലാമണ്ഡലം ശിവദാസന്‍മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, മട്ടന്നൂര്‍ ശങ്കരകുട്ടിമാരാര്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, വെളിയണ്ണുര്‍ സത്യന്‍ മാരാര്‍, പയ്യന്നൂര്‍ രാധാകൃഷ്ണന്‍ മാരാര്‍ തുടങ്ങി ഒട്ടനവധി വാദ്യകുലപതിമാരുടെ താളക്കാരനായിട്ടുണ്ട്. ക്ഷേത്ര ചടങ്ങുകളായ കേളി, തായമ്പക എന്നിവയിലെ താളങ്ങളില്‍ അഗ്രഗണ്യന്‍ ആണ് ഇദ്ദേഹം. ഒരു പാട് അംഗീകാരങ്ങളും ആദരവുകളും തേടിയെത്തിട്ടുണ്ട്.
Summary: Farewell to Kanjilassery Gopalakrishnan