എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി; പുളിയഞ്ചേരിയില്‍ നിന്നും പിടികൂടിയത് 160 ലിറ്റര്‍ വാഷ്


കൊയിലാണ്ടി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുളിയഞ്ചേരിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാഷ് പിടികൂടി. പുളിയഞ്ചേരി പെരുങ്കുനിയിലെ തെങ്ങിന്‍തോപ്പില്‍ നിന്നും സമീപത്തെ ഉപയോഗിക്കാതെ കിടക്കുന്ന കുളത്തിന് അരികില്‍ നിന്നുമാണ് വാഷ് പിടികൂടിയത്.

നാല് പാത്രങ്ങളിലായി സൂക്ഷിച്ച 160ലിറ്റര്‍ വാഷാണ് പിടിച്ചെടുത്തത്. ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.പി.ദിപീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസര്‍മാരായ അജയകുമാര്‍, അബ്ദുല്‍ബഷീര്‍, സി.ഇ.ഒ ദീന്‍ദയാല്‍, ഡബ്ല്യു.സി.ഇ. ഷൈനി, ഡ്രൈവര്‍ മുബശീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് രാത്രി 12 മണിവരെ നീണ്ടുനില്‍ക്കുന്നതാണ് എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ്.

ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി അബ്കാരി, നാര്‍കോട്ടിക്, തുടങ്ങിയ എല്ലാ ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഓണം സ്പെഷല്‍ കാലയളവില്‍ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.

എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍, എറണാകുളം-0484-2390657, 9447178059.
അസി. എക്സൈസ് കമീഷണര്‍(എന്‍ഫോഴ്സ്മെന്റ്), എറണാകുളം-0484-2397480, 9496002867.
ജില്ല കണ്‍ട്രോള്‍ റൂം- 0484-2390657, 9447178059.
കൂടാതെ എക്സൈസ് സര്‍ക്കിള്‍ ഓഫിസുകളിലും റേഞ്ച് ഓഫിസുകളിലും വിവരം അറിയിക്കാം.

Summary: Excise’s Onam Special Drive Begins; 160 liters of wash was seized from Puliancherry