വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; സ്വര്‍ണമാല, മോതിരം, ബൈക്ക് എന്നിവ കണ്ടെത്തി


വടകര: വടകരയെ ഞെട്ടിച്ച വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. സ്വര്‍ണമാല, മോതിരം, മോട്ടോര്‍ ബൈക്ക് എന്നിവ കണ്ടെത്തി. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖുമായി അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടിരുന്നത്. തുടര്‍ന്ന് തൃശൂര്‍ തൃത്തല്ലൂരിലെ വീടിന് സമീപത്തെ കടയില്‍ നിന്നും ബൈക്കിന് വ്യാജ നമ്പര്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു.

വാടാനപ്പള്ളിയിലെ അമൃതം ജ്വല്ലറിയിലാണ് സ്വര്‍ണമാലയുടെ ഒരു ഭാഗം വിറ്റത്. രാജന്റെ വജ്ര മോതിരം പുതുക്കാട്ടെ ജനറല്‍ ഫിനാന്‍സില്‍ പണയപ്പെടുത്തിയതായും പോലീസ് കണ്ടെത്തി. പ്രതി താമസിച്ചിരുന്ന നൈസ് ലോഡ്ജില്‍ നിന്നാണ് മാലയുടെ മറ്റൊരു ഭാഗം കണ്ടെത്തിയത്. കിടക്കയുടെ അടിയില്‍ പേഴ്‌സിലാക്കി സൂക്ഷിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. തൊണ്ടിമുതലുകള്‍ മുഴുവന്‍ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.