മദ്യപിച്ചെത്തിയ ശേഷം വാക്കുതർക്കം; വയനാട്ടിൽ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി


വയനാട്: പൊഴുതനയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ ബെന്നി റെന്നിയുമായി വാക്കു തർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ ബെന്നി ചുറ്റികയെടുത്തു അനുജന്റെ തലയ്ക്കടിക്കുകയായിരുന്നു. അമ്മ ഡെയിസിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അയൽവാസികളെത്തിയപ്പോൾ കിടപ്പുമുറിയിൽ തലക്കടിയേറ്റ് മരിച്ചു കിടക്കുകയായിരുന്നു റെന്നി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്രതി ബെന്നിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. പരേതനായ ജോര്‍ജിന്റെയും ഡെയ്‌സിയുടെയും മക്കളാണ് റെന്നിയും ബെന്നിയും.

Summary: elder brother killed younger brother In Wayanad