‘ആക്രമണത്തിനിടെ മൂന്ന് പേര്‍ മരിച്ചതില്‍ പങ്കില്ല’; ആരെയും തള്ളിയിട്ടിട്ടില്ലെന്നും പ്രതിയുടെ മൊഴി, എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവിടുപ്പിന് കൊണ്ടുപോയേക്കും


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ആരോഗ്.പ്രശ്‌നങ്ങള്‍ ഉന്നയിച്ച ഷാരൂഖിനെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുന്ന കാര്യത്തില്‍ അന്തിമതീരുമാനം. അതേസമയം ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രതി കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ ഇയാള്‍ക്ക് ലഭിച്ച സഹായങ്ങളെ കുറിച്ചാണ് പ്രധാനമായി പൊലീസ് അന്വേഷിക്കുന്നത്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം ചെയ്തത് എന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. അതേസമയം ആക്രമണത്തിനിടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഷാരൂഖ് പൊലീസിനോട് പറഞ്ഞു. താന്‍ ആരെയും തള്ളിയിട്ടിട്ടില്ലെന്നും പ്രതി പറഞ്ഞു.

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1 കോച്ചില്‍ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍, യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ, ബാഗ് പുറത്തേക്ക് വീണതാണ് പ്രതിയുടെ പദ്ധതി പൊളിയാന്‍ കാരണം.

അതിനിടെ, പെട്രോള്‍ വാങ്ങാന്‍ ഷാരൂഖിന് ലഭിച്ച ഷൊര്‍ണൂരിലെ പ്രാദേശിക ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് കൃത്യമായി വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതുകൊണ്ടാണ് തൊട്ടടുത്ത പെട്രോള്‍ പമ്പ് ഒഴിവാക്കി മറ്റൊരു പമ്പ് പ്രതി തിരഞ്ഞെടുത്തത് എന്നാണ് നിഗമനം.

കേസ് തീവ്രവാദ സ്വഭാവം ഉള്ളതാണെന്നാണ് എന്‍.ഐ.എയുടെ പ്രാഥമിക റിപ്പോര്‍ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തര്‍ സംസ്ഥാന ബന്ധത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍.ഐ.എ റിപ്പോര്‍ട് കൈമാറിയിട്ടുണ്ട്.