എലത്തൂർ ട്രെയിൻ അക്രമത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/04/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ജലസേചന കിണർ നിർമ്മാണം തുടങ്ങി

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന 67 ജലസേചന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ.വി.ഷഹനാസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.അബ്ദുറഹ്മാൻ, വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ നിഷില കോരപ്പാണ്ടി, വാർഡ് വികസന സമിതി കൺവീനർ പി.കെ കാസിം, വിജിഷ കരുവാണ്ടി എന്നിവർ സംസാരിച്ചു.

കാരയിൽ മുക്ക് -വരകിൽ മുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽ മുക്ക് -വരകിൽ മുക്ക് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവഹിച്ചു. 17-ാം വാർഡിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്.

ചടങ്ങിൽ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. പി.പ്രസന്ന, സറീന ഒളോറ, പി.സി. അനീഷ്, കെ.കെ. ചന്തു, ടി.കെ.അബ്ദു റഹിമാൻ, മോഹൻ ദാസ് അയ്യ റോത്ത്, മേലാട്ട് നാരായണൻ, എൻ.കെ. സത്യൻ, എൻ.സുധാകരൻ, എ.കെ. സുമതി എന്നിവർ സംസാരിച്ചു.

‘സ്മാർട്ട് കുറ്റ്യാടി’ വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കുറ്റ്യാടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാർട്ട് കുറ്റ്യാടി’ യുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകർക്കുള്ള ആദരിക്കൽ ചടങ്ങ് കീഴൽ യു.പി.സ്കൂളിൽ നടന്നു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

വിരമിച്ച അധ്യാപകർ തങ്ങളുടെ അനുഭവവും അറിവും സമൂഹത്തിന് പകരണമെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, അധ്യാപക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്മാർട്ട് കുറ്റ്യാടി കൺവീനർ പി. അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവം; മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി

എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ അക്രമിച്ച സംഭവത്തിൽ മരണപ്പെട്ട രണ്ട് വയസ്കാരി സഹറ ബത്തൂലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് സന്ദർശിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരത്തുക ജില്ലാ കലക്ടർ എ ഗീത കുടുംബത്തിന് കൈമാറി. അഞ്ച് ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. എഡിഎം സി.മുഹമ്മദ്‌ റഫീഖ്, തഹസിൽദാർ എ.എം പ്രേംലാൽ എന്നിവരും സന്നിഹിതരായിരുന്നു.

കടലുണ്ടി പഞ്ചായത്ത് ഓഫീസിനു സമീപം ഒസാവട്ടത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബ് സഖാഫിയുടെയും ജസിലയുടെയും മകളാണ് അപകടത്തിൽ മരണപ്പെട്ട സഹറ ബത്തൂൽ.