വന്ന് ചാക്ക് നിറച്ച് പോയ്‌ക്കോ!! മന്ദമംഗലം പാലക്കുളം ബീച്ചുകളില്‍ മീറ്ററോളം വ്യാപിച്ചുകിടക്കുന്ന എളമ്പക്ക ചാകര – വീഡിയോ



കൊയിലാണ്ടി: മന്ദമംഗലം പാലക്കുളം ബീച്ചിലെ എളമ്പക്ക ചാകര പെറുക്കാനെത്തുന്നത് നൂറുകണക്കിനാളുകള്‍. ഇന്നലെ രാത്രി മുഴുവന്‍ തീരത്ത് എളമ്പക്ക ശേഖരിക്കാനെത്തുന്നവരുടെ ബഹലുമായിരുന്നു. രാവിലെയും നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. വെയില്‍ കനത്തതോടെ ആളുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്.

കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവര്‍ക്കു പുറമേ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുവരെ എളമ്പക്ക പെറുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കടല്‍ക്ഷോഭമൊന്നും വലിയ തോതില്‍ ഇല്ലാത്ത ശാന്തമായ ഇടമാണ് മന്ദമംഗലം ബീച്ച്. ഇതാണ് ഇത്രത്തോളം എളമ്പക്ക ചാകര എത്താന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉരുപുണ്യകാവ് കുന്ന് മുതല്‍ കൊല്ലം പാറപ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് എളമ്പക്ക വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നത്.

എളമ്പക്കയുടെ പ്രജനന സമയമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലില്‍ ചെളിയിറങ്ങുന്ന സമയമായതിനാല്‍ ചെളിയില്‍ നിന്നും രക്ഷനേടാന്‍ കരയോട് അടുത്ത ഭാഗങ്ങളിലേക്ക് എളമ്പക്കകള്‍ കൂടുതലായി വരുന്നതാണ് ഇത്രയേറെ ഒരുമിച്ച് വരാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെ എളമ്പക്ക ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മണ്ണില്‍ പൂണ്ടു കിടക്കുന്ന തോതിലുള്ള എളമ്പക്ക പ്രദേശവാസികള്‍ കമ്പോ മറ്റോയെടുത്ത് കുത്തിയെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് പൂഴിയ്ക്കു മുകളില്‍ വ്യാപകമായി പരന്നു കിടക്കുന്ന തരത്തില്‍ എളമ്പക്ക കണ്ടു തുടങ്ങിയത്.

നേരത്തെയും പല സമയത്ത് ഇവിടെ എളമ്പക്കകള്‍ കണ്ടിരുന്നു. എന്നാല്‍ ഇത്രത്തോളം കാണുന്നത് ആദ്യമായാണെന്നും പ്രദേശവാസികള്‍ പറയുന്നു.