‘ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ, അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ കുറച്ച് കാലമായി തെളിയിച്ച് കൊണ്ടിരിക്കുകയായിരുന്നു’; പി.ടി.ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം


കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ ഒളിംപ്യന്‍ പി.ടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ”ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’

ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതല്‍വാദ്, മുൻ ഡിജിപി ആർബി ശ്രീകുമാർ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ ഭരണഘടനാ സംരക്ഷണസമിതി നടത്തിയ പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു എളമരം കരിം.

‘അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് പരാമര്ശിച്ചതിനു പിന്നാലെയാണ് പി.ടി ഉഷയുടെ കാര്യം പറഞ്ഞത്. പേര് പറയാതെ ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാനമിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു എളമരം കരീം പ്രസംഗിച്ചത്.

വിവിധ മേഖലകളിലെ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്ന പട്ടികയിലാണ് ഇളയരാജ, കെ വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ക്കൊപ്പം പി ടി ഉഷ ഇടം നേടിയത്.

ഉഷയെ ബിജെപി നിര്‍ദേശത്താല്‍ രാജ്യസഭയിലേക്ക് അയക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായ ഒന്നല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയിലേക്കുള്ള വരവ് ചര്‍ച്ചയായിരുന്നു. ചില ബിജെപി നേതാക്കള്‍ ഉഷയോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

നാമനിർദേശം ചെയ്തതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിടി ഉഷ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. എം.പിയായി നാമനിർദേശം നൽകിയതിൽ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നുമായിരുന്നു പ്രതികരണം.