‘നിരവധി സ്ഥലങ്ങളിൽ തിരച്ചിലിനായി പോയിട്ടുണ്ട്, എന്നാൽ ഇത്ര ദിവസങ്ങളായിട്ടും കണ്ടെത്താനാവാത്ത സ്ഥിതി അദ്യമായാണ്, മഴയും പാറക്കൂട്ടങ്ങളും ശക്തിയോടെ കുത്തിയൊഴുകി വരുന്ന വെള്ളവുമെല്ലാം വില്ലൻമാരാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സേനാംഗം കൊയിലാണ്ടി സ്വദേശി വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: പതങ്കയം വെള്ളച്ചാട്ടത്തിൽ തിരച്ചിലിൽ വില്ലനായി തുടർച്ചയായുള്ള ശക്തമായ മഴ. ജൂലായ് നാലാം തീയതി അഞ്ചരയോടെയാണ് പതങ്കയത്ത് യുവാവ് ഒഴുക്കില്പെടുന്നത്. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് ആണ് ഒഴുക്കിൽപ്പെട്ടത്. ഏറെ താമസിയാതെ തന്നെ പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതും മൂലം തിരച്ചിൽ നിരവധി തവണ തടസ്സപെട്ടു.

‘മഴ ശക്തമായി തുടരുകയാണ്, എല്ലാവരും ഒരുപോലെ ശ്രമിക്കുകയാണ്, എന്തൊക്കെയോ ചെയ്യാൻ ആഗ്രഹമാണ്, എന്നാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്’.

ഇന്നലെയും രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. രാവിലെ അൽപ്പം നേരം മഴ ഒന്ന് പിൻവാങ്ങിയെങ്കിലും പൂർവാധികം ശക്തിയോടെ തിരികെ പെയ്തു തുടങ്ങി, വൈകുനെരരം അഞ്ചര ആയപ്പോഴും മഴ ഒരു തുള്ളി പോലും കുറഞ്ഞിരുന്നില്ല. ഒടുവിൽ അഞ്ചേമുക്കാലോടെ ഇന്നലത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. വിക്‌ടിം ലൊക്കേറ്റർ അണ്ടർ വാട്ടർ ക്യാമറ ഉണ്ടായിരുന്നു. അതുപയോഗിച്ചു ആളെ ലോക്കറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു മിന്നായം പോലെ കറുത്ത നിറത്തിലുള്ള ഒരു തുണി മറയുന്നത് കണ്ടുവെന്ന് പറഞ്ഞുവെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ക്യാമറയുടെ സഹായത്താൽ കണ്ടെത്തുന്നത് വിജയിച്ചില്ല. പൈപ്പുപയോഗിച്ച് ക്യാമറ വെള്ളത്തിലിറക്കിയെങ്കിലും ഒഴുക്കിന്റെ ശക്തിയിൽ ക്യാമറ പാറയിൽ ചെന്നിടിച്ച് സെൻസർ നശിക്കുകയായിരുന്നു’.

മൂന്നു ദിവസങ്ങൾ പിന്നിടുന്ന തിരച്ചിൽ അനുഭവം കൊയിലാണ്ടി ന്യൂസിനോട് സംഭവ സ്ഥലത്തു നിന്ന് പങ്കിടുകയായിരുന്നു എൻ.ഡി.ആർ.എഫ് സംഘത്തിലെ ഉദ്യോഗസ്ഥൻ വൈശാഖ് കെ ദാസ്. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയാണ് കേളോത്ത് വൈശാഖ്.

‘പത്തനംതിട്ട അച്ചൻകോവിലും, പമ്പയിലുമൊക്കെയായിരുന്നു സമാന സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. ഏഴോളം മുങ്ങി മരണങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്രയും ദുഷ്കരമായത് ഇതാദ്യമായാണ്. പാറക്കെട്ടുകളുടെ ഇടയിലൂടെ ആയതിനാൽ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നല്ല ഒഴുക്കുള്ള സ്ഥലങ്ങളാണ് എന്നാൽ ഇത്രയും പാറക്കെട്ടുകൾക്കിടയിൽ പെട്ട തിരച്ചിൽ ഇതാദ്യമായാണ്’ വൈശാഖ് പറഞ്ഞു.

‘ബോട്ട് ഉപയോഗിച്ചുള്ള തിരച്ചിലാണ് മറ്റുള്ള സ്ഥലങ്ങളിൽ പ്രധാനമായും നടക്കുക. വെള്ളം പൂർണ്ണമായും അടി മുതൽ മുകൾ വരെ വെള്ളം പൊന്തുന്ന രീതിയിലാണ് ബോട്ട് ഓടിക്കാറുള്ളത്. ആ സമയത്ത് ബോഡി പൊങ്ങി വരും. എന്നാൽ ഇവിടെ അതും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ്. പാറക്കെട്ടുകളായതിനാൽ ബോട്ട് ഇറക്കാനാവില്ല, വലിയ ഒഴുക്കും തടസ്സമാണ്,അതിനേക്കാളുപരി തോരാതെ പെയ്യുന്ന മഴയും തടസ്സം സൃഷ്ടിക്കുന്നു. എല്ലാവരും ചേർന്ന് പരിശ്രമം തുടരുകയാണ്’. വൈശാഖിനെ പോലെ നിരവധി ഉദ്യോഗസ്ഥർ നാലു ദിവസമായി അവിടെ തിരച്ചിൽ നടത്തുകയാണ്.

‘മറ്റൊരു പ്രധാന പ്രശ്നം വെള്ളത്തിന്റെ തണുപ്പാണെന്ന് വൈശാഖ് പറഞ്ഞു. ഐസ് വാട്ടറിനേക്കാളും തണുപ്പേറിയ വെള്ളമാണ് ഇവിടെ എന്ന് തന്നെ പറയാം. അതിനാൽ തന്നെ ദേഹം പൊങ്ങി വരാൻ ബുദ്ധിമുട്ടുണ്ടാകും. സാധാരണ ഗതിയിൽ വെള്ളത്തിന്റെ ചൂട് കാരണം ബാക്റ്റീരിയയുടെ പ്രവർത്തനം മൂലം ശരീരം പൊങ്ങി വരും. എന്നാൽ അതും ഇവിടെ ഏറെക്കുറെ പ്രവർത്തികമല്ലാത്ത സ്ഥിതിയാണ്.’

‘ഒന്നാമത്തെ ദിവസവും രണ്ടാമത്തെ ദിവസവും ബോഡി കിട്ടിയിട്ടുണ്ട്, എന്നാൽ മൂന്നു ദിവസവും കഴിഞ്ഞട്ടും ഇവിടുന്നു ബോഡി കണ്ടെടുക്കാനായിട്ടില്ല. മുൻപുണ്ടായ സമാനമായ കേസുകളിൽ ഏഴും എട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടാണ് ശരീരം കണ്ടെടുത്തിട്ടുള്ളതെന്നു സമീപ വാസികൾ പറഞ്ഞതായി വൈശാഖ് കൂട്ടിച്ചേർത്തു. ഇരുപതിലധികം പേർ മുങ്ങി പോയിട്ടുള്ള സ്ഥലമാണ് പതങ്കയം വെള്ള ചാട്ടം.

പാറക്കെട്ടിന്റെ ഇടയിൽ വലിയ വലിയ കയങ്ങളാണ്. അതിനിടയിൽ പെട്ടാൽ കിട്ടാൻ ബുഷിമുട്ടാണെന്നും നാട്ടുകാർ പറഞ്ഞു. ഇപ്പോഴുള്ള വെള്ളം വലിയ തോതിൽ കുറഞ്ഞാൽ മാത്രമേ ഇറങ്ങി തിരച്ചിൽ നടത്താനാവുകയുള്ളു. മഴ കുറയുമെന്നും അധികം വൈകാതെ തന്നെ കണ്ടുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വൈശാഖും സംഘവും, പരിശ്രമങ്ങൾ തുടരുകയാണ്.

കൂട്ടുകാർക്കൊപ്പം കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ ഹുസ്നി തിങ്കളാഴ്ച വൈകിട്ടാണ് ഒഴുക്കിൽപ്പെട്ടത്. പോലീസും ഫയർ ഫോഴ്സും, എൻ.ഡി. ആർ.എഫും, മറ്റു സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്ത തിരച്ചിൽ തുടരുകയാണ്.

പഞ്ചായത്തിലെ മറ്റുപുഴകളായ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളി പുഴ എന്നീ പുഴകളിൽ കനത്ത മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് മൺസൂൺ ടൂറിസം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.

പഞ്ചായത്ത് പ്രസിഡന്റിന്റെയും തഹസിൽദാറുടെയും നേതൃത്വത്തിൽ പോലീസും ഫയർ ഫോഴ്സും, എൻ.ഡി. ആർ.എഫ് സന്നദ്ധ സംഘടനകളുമായി യോഗം കൂടുകയും വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ നേരിട്ട് വെള്ളത്തിലേക്കിറങ്ങി പോകണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരും സംഘടനകളുമെല്ലാം ഒറ്റകെട്ടായി ശ്രമങ്ങൾ തുടരുകയാണ് ഉടനെ തന്നെ കണ്ടെത്താനാവുമെന്ന് പ്രതീക്ഷയുമായി.

summary: ndrf rescue officer shares his experience of searching for 17-year-old missing in Pathankayam falls.