‘ആഴ്ചയില്‍ അന്‍പതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍’; ആരോപണവിധേയനായ യൂത്ത് ലീഗ് നേതാവിനെതിരെ നന്തിയില്‍ പോസ്റ്റര്‍ ക്യാമ്പെയിനുമായി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്നുവെന്ന ആരോപണം നേരിടുന്ന മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി നന്തിയില്‍ ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ക്യാമ്പെയിന്‍ നടത്തി. യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും നന്തി സ്വദേശിയുമായ കെ.കെ.റിയാസിനെതിരെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.
ഡി.വൈ.എഫ്.ഐ നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിയാസിനെതിരെ പോസ്റ്റര്‍ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. രൂക്ഷമായ വിമര്‍ശനമാണ് പോസ്റ്ററുകളില്‍ ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്നത്.
ഐ.യു.എം.എല്‍ യൂണിവേഴ്‌സിറ്റി ഓഫ് വ്യാജസര്‍ട്ടിഫിക്കറ്റ് പ്രൊപ്രൈറ്ററാണ കെ.കെ.റിയാസ്, പുസ്തകം ചവിട്ടിക്കീറിയവര്‍ പഠിപ്പിന്റെ വില അറിയാത്തവര്‍, മുസ്ലിംലീഗിന്റെ മൗനം ഒത്താശയാണ്, കെ.കെ.റിയാസിനെതിരെ നടപടിയില്ലാത്തത് അഭ്യസ്തവിദ്യരോടുള്ള വെല്ലുവിളിയാണ് എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.
കാലങ്ങളായി വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കുന്നയാളാണ് റിയാസ് എന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വന്‍തോതില്‍ പണം വാങ്ങിയാണ് റിയാസ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കുന്നത്. പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പി.എച്ച്.ഡി സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ അന്‍പതിലേറെ വ്യാജസര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കിയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. റിയാസിനെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം.