വാഗാഡ് വാഹനങ്ങളുടെ മരണപ്പാച്ചില്‍: കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ നടത്തിയ സമരം അവസാനിപ്പിച്ചു; നാളെ ചര്‍ച്ച


Advertisement

കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കൊയിലാണ്ടി പൊലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രശ്‌നപരിഹാരത്തിനായി നാളെ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ ഹാളിലാണ് നാളെ ചര്‍ച്ച നടക്കുക. വാഗാഡ് കമ്പനി പ്രതിനിധികള്‍, കൊയിലാണ്ടി പൊലീസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Advertisement

ചര്‍ച്ചയ്ക്ക് ശേഷവും വാഗാഡിന്റെ വാഹനങ്ങള്‍ കൊയിലാണ്ടിയുടെ നിരത്തുകളിലൂടെ നിയമങ്ങള്‍ ലംഘിച്ച് മരണപ്പാച്ചില്‍ തുടര്‍ന്നാല്‍ വീണ്ടും വാഹനങ്ങള്‍ തടയുമെന്നും ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


Related News: ‘നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥ, ഇനിയും മനുഷ്യജീവന്‍ കുരുതി കൊടുക്കാന്‍ അനുവദിക്കില്ല’; കൊയിലാണ്ടി നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടയുന്നു


കൊയിലാണ്ടി നഗരത്തിലൂടെ കടന്ന് പോവുകയായിരുന്ന വാഗാഡിന്റെ വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് വ്യാഴാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള വാഗാഡിന്റെ വാഹനങ്ങളുടെ മരണപ്പാച്ചില്‍ കാരണം മനുഷ്യജീവനുകള്‍ പൊലിയുകയാണ്. മോട്ടര്‍ വാഹന വകുപ്പും വാഗാഡ് അധികൃതരും ഇതിനെതിരായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ വാഹനങ്ങള്‍ തടയുകയും ദേശീയപാതാ ഉപരോധം നടത്തുകയും ചെയ്തത്.

Advertisement

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബബീഷ് ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ്, ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, അജീഷ്, ഫര്‍ഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.


Also Read: അപകട ശേഷം ആശുപത്രിയിലെത്തിക്കാനോ വിവരം തിരക്കാനോ കമ്പനി അധികൃതർ ആരും എത്തിയില്ല; നടേരിയിൽ വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് വയോധിക മരിച്ച സംഭവത്തിൽ വ​ഗാഡിനെതിരെ ​ഗുരുതര ആരോപണം


അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള റീച്ചിലെ ദേശീയപാതാ വികസന പ്രവൃത്തി കരാറെടുത്ത കമ്പനിയാണ് വാഗാഡ് ഇന്‍ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. പ്രധാന കരാറുകാരായ അദാനി എന്റര്‍പ്രസസ് ലിമിറ്റഡിന്റെ ഉപകരാറെടുത്താണ് ഉത്തരേന്ത്യന്‍ കമ്പനിയായ വാഗാഡ് കൊയിലാണ്ടിയിലെത്തുന്നത്.

Advertisement

പ്രവൃത്തി തുടങ്ങിയ അന്ന് മുതല്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് വാഗാഡിന്റെ വാഹനങ്ങള്‍ കൊയിലാണ്ടിയുടെ നിരത്തുകളിലൂടെ ഓടുന്നത്. പല അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും വരെ വാഗാഡ് വാഹനങ്ങള്‍ കാരണമായി. കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഗാഡ് വാഹനമുണ്ടാക്കിയ അപകടത്തില്‍ വയോധിക മരിച്ചതോടെയാണ് ഡി.വൈ.എഫ്.ഐ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.


Related News: മുത്താമ്പിയില്‍ വാഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു


ഓട്ടത്തിനിടെ ഊരിത്തെറിച്ച വാഗാഡിന്റെ ടോറസ് ലോറിയുടെ ടയര്‍ ദേഹത്ത് ഇടിച്ച് പരിക്കേറ്റാണ് കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വയോധിക മരിച്ചത്. ഇതുവരെ മൂന്ന് പേരാണ് വാഗാഡ് വാഹനങ്ങള്‍ ഉണ്ടാക്കിയ അപകടങ്ങള്‍ കാരണം കൊയിലാണ്ടിയില്‍ മരിച്ചത്.

ലോഡ് കയറ്റിയ വാഗാഡ് ലോറികള്‍ പിന്നില്‍ വാതിലില്ലാതെ അപകടകരമായി ഓടുന്നത് കൊയിലാണ്ടിയിലെ പതിവ് കാഴ്ചയാണ്. വാഗാഡിന്റെ പല വാഹനങ്ങള്‍ക്കും കൃത്യമായ നമ്പര്‍ പ്ലേറ്റോ മറ്റ് രേഖകളോ ഇല്ല. വാഹനങ്ങളുടെ പിന്‍വശത്ത് വ്യക്തമായി നമ്പര്‍ പ്രദര്‍ശിപ്പിക്കണമെനാനാണ് നിയമമെങ്കിലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്ന പോലെയാണ് വാഗാഡിന്റെ വാഹനങ്ങള്‍ ചീറിപ്പായുന്നത്.


Also Read: വാഗാഡിന്റെ വാഹനങ്ങളുടെ മരണപ്പാച്ചില്‍; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്‌.ഐ ദേശീയപാത ഉപരോധിക്കുന്നു


വാഗാഡിന്റെ വാഹനങ്ങള്‍ക്ക് പലപ്പോഴും നമ്പര്‍ പ്ലേറ്റുകള്‍ ഉണ്ടാകാറില്ല. നമ്പര്‍ ഉണ്ടെങ്കില്‍ തന്നെ പിന്നിലെയും മുന്നിലെയും വശങ്ങളിലെയുമെല്ലാം നമ്പറുകള്‍ വ്യത്യസ്തമായിരിക്കും. ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് വാഗാഡിന്റെ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതെന്ന വാര്‍ത്ത നേരത്തേ രേഖകള്‍ സഹിതം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാഗാഡിന്റെ വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുമ്പോഴും അധികൃതര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ പേരിനുള്ള നടപടികള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വ്യക്തമായ തെളിവുകളോടെ നിയമലംഘനങ്ങള്‍ പുറത്ത് വന്നിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണെ വിമര്‍ശനവും ജനങ്ങള്‍ക്കിടയിലുണ്ട്.

വീഡിയോ റിപ്പോർട്ട് കാണാം: