‘ലഹരി കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും’ പൊതുജനങ്ങളുടെയും പൊലീസിന്റെയും പിന്തുണയോടെ ലഹരിമാഫിയയെ തുരത്താന്‍ ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെയും പൊലീസിന്റെയും പിന്തുണ ഉറപ്പാക്കാന്‍ ഡി.വൈ.എഫ്.ഐ. ഇതിനു മുന്നോടിയായി തിങ്കളാഴ്ച കൊയിലാണ്ടി സ്റ്റാന്റില്‍ പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഒപ്പുശേഖരിച്ച് ലഹരി മാഫിയയെ തുരത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് കൂട്ടപരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ് വെങ്ങളം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇതിനു പുറമേ കൊയിലാണ്ടിയില്‍ ഒരു ജനകീയ കണ്‍വെന്‍ഷനും സംഘടിപ്പിക്കും. നിലവില്‍ ലഹരി മാഫിയയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജനകീയ കണ്‍വെന്‍ഷനിലൂടെ ഈ സ്‌ക്വാഡില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കും. പൊലീസിന്റെ കൂടി സഹായത്തോടെ ലഹരി കേന്ദ്രങ്ങളില്‍ കൂട്ടമായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരവും ടൗണിലെ ആളൊഴിഞ്ഞ പ്രദേശവും കഞ്ചാവ് – മയക്കുമരുന്ന് മാഫിയകള്‍ കൈയ്യടക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിലെ വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുക പതിവാണ്. സ്‌കൂള്‍ തുറന്നതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്ന സംഘവും സജീവമാണ്.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ വിഷ്ണു എന്ന ചെറുപ്പക്കാരനെ ആക്രമിച്ച് തലക്ക് പരിക്കേല്പിച്ചതും ഈ സംഘത്തില്‍പ്പെട്ട ക്രിമിനലുകളാണ്. സമൂഹത്തിനും നാടിന്റെ സമാധാന ജീവിതത്തിനും ഭീഷണിയാവുന്ന ഇത്തരം സംഘങ്ങളെ യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.