അച്ഛനെക്കുറിച്ച് മകന്‍കണ്ട സ്വപ്‌നം സഫലമായി! സിനിമാക്കഥയെ വെല്ലും ‘ചെക്കന്‍’ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ



എ. സജീവ് കുമാര്‍

കൊയിലാണ്ടി: നാടകം ജീവിതമായപ്പോള്‍ കുടുംബത്തെ പോറ്റാനായി മണലാരണ്യത്തില്‍ വര്‍ഷങ്ങളോളം അധ്വാനിച്ച പിതാവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായി മകന്‍ നിര്‍മാതാവായി ഒരു സിനിമ നിര്‍മ്മിക്കുക. അതില്‍ പ്രധാന വേഷത്തില്‍ പിതാവിനെ അഭിനയിപ്പിക്കുക. ഒരു സിനിമാക്കഥ പോലെയുള്ള യാഥാര്‍ത്ഥ്യമാണ് അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ചെക്കന്‍ എന്ന സിനിമ.

നാടക രംഗത്ത് ഒരു പാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുകയും പിന്നീട് പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി നാടക രംഗത്ത് ഏകപാത്ര നാടക മടക്കം കളിച്ച് ശ്രദ്ധേയനായ അലി അരങ്ങാടത്ത് എന്ന കെ.വി.അലിയാണ് ഇതിലെ പിതാവ്. മകന്‍ മണ്‍സൂര്‍ അലിയാണ് സിനിമയുടെ നിര്‍മ്മാതാവായ പ്രവാസി. ശബ്ദ ഭംഗികൊണ്ടും അഭിനയ മികവു കൊണ്ടും ശ്രദ്ധിക്കപ്പെട്ട നിരവധി പുരാണ നാടകങ്ങളിലെ പ്രധാന നടനായിരുന്നു അലി അരങ്ങാടത്ത്. കേരളത്തിലങ്ങോളം വേദിയില്‍ നിന്നും വേദിയിലേക്കുള്ള ഓട്ടത്തിനിടയില്‍ ജീവിതം വഴിമുട്ടുന്നു എന്ന് ബോധ്യമായപ്പോഴാണ് പ്രവാസ ജീവിതത്തിലേക്ക് കടന്നത്.

അരനൂറ്റാണ്ടിനടുത്തുള്ള പ്രവാസ ജീവിതമൊഴിവാക്കി നാട്ടിലെത്തിയപ്പോള്‍ ഇബ്രാഹിം വെങ്ങര എഴുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ഏകപാത്ര നാടകവുമായി വീണ്ടും രംഗത്തെത്തി. നിരവധി വേദികളില്‍ നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് മകന് പിതാവിനെ വലിയൊരു സ്‌ക്രീനില്‍ കാണണമെന്ന് തോന്നിയത്. ചെക്കന്‍ എന്ന സിനിമയിലെ ജയകൃഷ്ണന്‍ മാസ്റ്റര്‍ അലി അരങ്ങാടത്തില്‍ വേറിട്ട ഒരു സിനിമാ നടനുമുണ്ടെന്ന് കാണികള്‍ തിരിച്ചറിഞ്ഞിരിക്കയാണ്.

ഗോത്ര വിഭാഗത്തില്‍ ജനിച്ച ഗായകനായൊരു വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ വയനാടിന്റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ സിദ്ധിയും, ഗായികയായ അമ്മൂമ്മ നഞ്ചിയമ്മയില്‍ നിന്നും കിട്ടിയിരുന്ന അംഗീകാരവും നായകന്‍ ചെക്കന് ഏറെ പ്രോത്സാഹനമായിരുന്നെങ്കിലും വര്‍ത്തമാന കാലത്തും തുടരുന്ന ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അവഗണനകളും, മാറ്റിനിര്‍ത്തലുകളും നേരിടേണ്ടിവരുന്നൊരു ബാലന്റെ നിസ്സഹായതയാണ് കഥാകൃത്തും സംവിധായകനുമായ ഷാഫി എപ്പിക്കാട് ചെക്കനിലൂടെ വരച്ചു കാണിക്കുന്നത്.

കാടിന്റെയും, സംഗീതത്തിന്റെയും അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തില്‍ തുടക്കം നഞ്ചിയമ്മയുടെ ഒരു താരാട്ടുപാട്ടാണ്. നിരവധി കൊയിലാണ്ടിക്കാര്‍ മുഖം കാണിച്ച സിനിമയില്‍ നാടന്‍ പാട്ടു ഗായകന്‍ മണികണ്ഠന്‍ പെരുമ്പടപ്പും മനോഹരമായ ഗാനങ്ങള്‍ക്ക് രചനയും, സംഗീതവും നിര്‍വഹിച്ചു ആലപിക്കുന്നുണ്ട്.