കൊയിലാണ്ടിയിലെ അമല്‍ സൂര്യ, ഒഞ്ചിയത്തെ രണ്ട് യുവാക്കള്‍, മൃതദേഹത്തിനടുത്തായി കണ്ടെത്തിയ സിറിഞ്ചുകള്‍; സംശയങ്ങള്‍ ബാക്കിയാക്കി ഒരുമാസത്തിനിടെ നടന്ന മൂന്ന് മരണങ്ങള്‍


കൊയിലാണ്ടി: യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏറെ ഞെട്ടിക്കുന്നതാണ് ഒരുമാസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയിലുണ്ടായ മൂന്ന് യുവാക്കളുടെ മരണങ്ങള്‍. മാര്‍ച്ച് 20ന് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ഇരുപത്തിനാലുകാരന്‍ അമല്‍ സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി ഉപയോഗിച്ച നിലയിലുള്ള സിറിഞ്ച് കണ്ടെത്തിയിരുന്നു. കൂടെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ കൊയിലാണ്ടി സ്വദേശിയായ മന്‍സൂര്‍ എന്ന യുവാവുമുണ്ടായിരുന്നു.

അമല്‍ സൂര്യയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഏതാണ്ട് സമാനമായ സാഹചര്യത്തില്‍ ഒഞ്ചിയത്ത് രണ്ട് യുവാക്കള്‍ മരണപ്പെടുന്നത്. കുന്നുമ്മക്കര സ്വദേശി തട്ടോളി അക്ഷയ് (26), ഓര്‍ക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തം ഉപയോഗിച്ച നിലയിലുള്ള സിറിഞ്ച് കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ശ്രീരാഗ് എന്ന മറ്റൊരു യുവാവ് കൂടിയുണ്ടായിരുന്നു. രാവിലെ ആളുകള്‍ എത്തിയപ്പോള്‍ ഉണര്‍ന്ന ശ്രീരാഗ് മറ്റുരണ്ടുപേരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇരുവരും മരിച്ച വിവരം ശ്രീരാഗ് അറിഞ്ഞിരുന്നില്ല.

ഒഞ്ചിയത്ത് മരിച്ച യുവാക്കള്‍ സ്ഥിരം ലഹരി ഉപയോഗിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ ഒരാളെ നേരത്തെ പലതവണ പൊലീസ് പിടികൂടിയിട്ടുണ്ട്. 11 അംഗ ലഹരിമരുന്ന് സംഘത്തിലുള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേര്‍ക്കും ജോലിയില്ല. രണ്‍ദീപ് ഇടയ്ക്കിടെ സംസ്ഥാനത്തിന് പുറത്ത് യാത്ര പോയിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അടുത്തിടെ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിലായി അഞ്ച് യുവാക്കളുടെ മരണത്തിലും പൊലീസിനും നാട്ടുകാര്‍ക്കും സംശയമുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ സഹകരിക്കാതെ വന്നതോടെയാണ് ഈ കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കാതിരുന്നത്.

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ വ്യാപകമാണെന്നും ലഹരിക്കടിമയായവരെ പിന്നീട് ലഹരി കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. യുവാക്കള്‍ക്കിടയില്‍ രാസലഹരി ഉപയോഗവും കൂടിവരുന്നതായി കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ എ.സി.പി പറഞ്ഞു.