അനുമതിയില്ലാതെ റാലികള്‍, റോഡ് ഷോകള്‍ പാടില്ല; പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്‍കി ജില്ലാ കളക്ടര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ജില്ലാ കലക്ടര്‍ കത്ത് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
മുന്‍കൂര്‍ അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകജാലക പോര്‍ട്ടലായ സുവിധ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. suvidha.eci.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് കുറഞ്ഞത് 48 മണിക്കൂര്‍ മുമ്പായി അപേക്ഷ നല്‍കണം.
ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്ലോഡ് ചെയ്യുകയും വാഹനം സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് സ്ഥലഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ നിരീക്ഷിക്കാന്‍ ജില്ലയില്‍ ചെലവ് നിരീക്ഷണത്തിനായുള്ള ഫ്ളയിംഗ് സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.