കോടതി വിധിച്ച 29.64 ലക്ഷം ഭാര്യയ്ക്ക് നല്‍കിയില്ല; കുടുംബ കോടതി പൊലീസില്‍ ഏല്‍പ്പിച്ച കൊയിലാണ്ടി സ്വദേശി ഓടി രക്ഷപ്പെട്ടു 


വടകര: വടകര കുടുംബകോടതി പൊലീസിനെ ഏല്‍പ്പിച്ച പ്രതി ഓടി രക്ഷപ്പെട്ടു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് നല്‍കാന്‍ കോടതി വിധിച്ച തുക നല്‍കാതെ നടക്കുകയായിരുന്ന യുവാവിനെ കുടുംബകോടതി ജഡ്ജി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതി കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം ഓടി രക്ഷപ്പെട്ടത്. വടകര കുടുംബകോടതിയില്‍ ബുധനാഴ്ച രാവിലെയാണ്  സംഭവം.

29.64 ലക്ഷം രൂപ ഭാര്യയ്ക്ക് നല്‍കാന്‍ നേരത്തേ കോടതി വിധിയുണ്ടായിരുന്നു. വിധി നടപ്പാക്കി കിട്ടാന്‍ ഭാര്യ റൈഹാനത്ത് ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് തുക അടക്കാന്‍ തയ്യാറല്ലാതിരുന്ന ജാസിമിനെ ജഡ്ജി തുടര്‍ നടപടികള്‍ക്കായി പൊലീസിനെ ഏല്‍പ്പിച്ചത്.

കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസറെ ഏല്‍പ്പിച്ച ശേഷം വനിതാ പൊലീസ് വിവരം വനിതാസെല്‍ വഴി കൊയിലാണ്ടി സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ അതിനിടയില്‍ ഇയാള്‍ ഫോണ്‍ ചെയ്തുകൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു. വനിതാ പൊലീസ് പിന്നാലെ പോയെങ്കിലും ഇയാള്‍ ഓടി വണ്ടിയില്‍ കയറാന്‍ ശ്രമിച്ചു.  എന്നാല്‍ പിന്നീട് വണ്ടി ഉപേക്ഷിച്ച് സീയെം ആശുപത്രി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി വടകര പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.