പരിണാമം മറന്നവര്‍; ഹൃദയ ധമനിയില്‍ രക്തം കട്ടപിടിച്ചു, ആള്‍ ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ, ആശുപത്രിയിലെ തിരക്കിനിടയില്‍ വ്യക്തി ജീവിതം മറക്കുന്ന ഡോക്ടറുടെ കഥ പങ്കുവച്ച് കൊയിലാണ്ടിയിലെ ഡോ. ടി. സുധീഷ്
ഡോ. ടി. സുധീഷ്
‘സിസ്റ്ററെ സമയം രണ്ടു മണിയായി ഇനിയെങ്കിലും ഞാന്‍ ഇറങ്ങട്ടെ വാര്‍ഡില്‍ നിന്നെന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ പറയണം’.
മോളുടെ സ്‌കൂളില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ പോവാനുള്ളതാ മൂന്നു തവണ ആയി മാറ്റി വെക്കുന്നു കൊച്ചു പിണക്കത്തിലാണ്, ടീച്ചര്‍ ആണേല്‍ കട്ട കലിപ്പിലും ഒരു മണി വരേ അല്ലെ ഡ്യൂട്ടി ഉള്ളു ഒന്ന് വന്നു പോയാലെന്താ എന്നാണ് അവരുടെ ഒരിത്, സമയം നോക്കി ചെയ്യാന്‍ പറ്റിയ ഒരു പണിയല്ല ഇത് എന്നു അവര്‍ക്കറിയില്ലലോ.
‘സാറെ സാറിങ്ങനെ സ്വൊന്തം തടി കളഞ്ഞു പണി എടുക്കണ്ട ഒരു കാര്യവുമില്ല, അവസാനം വല്ല അറ്റാക്കും വന്നാലേ ഭാര്യയും കുഞ്ഞുമേ ഉണ്ടാകു മറക്കണ്ട സിസ്റ്റര്‍ ഓര്‍മിപ്പിച്ചു.’ ഒരമ്മയുടെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ് മറിയാമ്മചേടത്തി എന്നു വിളിക്കുന്ന സിസ്റ്റര്‍ എല്ലാരോടും ഇട പഴകിയിരുന്നത്. ഡോക്ടര്‍മാര്‍ തൊട്ട് ദിവസക്കൂലിക്കു വരുന്നവര്‍ വരേ അവര്‍ക്കു മക്കളായിരുന്നു.
ശരി ചേടത്തി എന്നു പറഞ്ഞു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയതേ ഉള്ളു അത്യാഹിത വിഭാഗത്തിലെ ചേട്ടന്‍ ഓടി വന്നു. ‘സാറെ ഒരു നെഞ്ചു വേദന കേസ് വന്നിട്ടുണ്ട്, ഡ്യൂട്ടി ഡോക്ടര്‍ പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടോവാന്‍ പറഞ്ഞു, സാര്‍ പോയിട്ടില്ലേല്‍ ഒന്ന് വന്നു നോക്കാമോ ന്നു ചോദിക്കാന്‍ എന്നെ പറഞ്ഞു വീട്ടതാ .’
എന്ത് ചെയ്യണം എന്നൊരു കണ്‍ഫ്യൂഷന്‍, ഡ്യൂട്ടി സമയം കഴിഞ്ഞു, സ്‌കൂളില്‍ നിന്നു കിട്ടിയ ലാസ്റ്റ് വാണിംഗ് ആണ്, ഇന്നും പോയില്ലേല്‍ വീട്ടില്‍ പോലും കേറാന്‍ പറ്റില്ല.
ഏതായാലും ഒന്ന് നോക്കികളയാം എന്നു വെച്ചു നേരെ അത്യാഹിത വിഭാഗത്തിലേക്കു വെച്ച് പിടിച്ചു.
നെഞ്ചു വേദന കൊണ്ട് പുളയുന്ന ഒരു മനുഷ്യന്‍ ഏതാണ്ട് നാല്‍പതു നാല്‍പതഞ്ചു വയസ് പ്രായം വരും, ഇസിജി നോക്കിയപ്പോള്‍ കാര്യം ഒരല്പം ഗുരുതരമാണ്. ഹൃദയ ധമനിയില്‍ രക്തം കട്ടപിടിച്ചു ആള്‍ ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ ആണ്. രക്തകട്ട അലിയിപ്പിക്കാന്‍ ഉള്ള മരുന്നു കൊടുത്താല്‍ ചിലപ്പോള്‍ രക്ഷപെട്ടേക്കും. പക്ഷെ റിസ്‌ക് അത് വളരെ കൂടുതല്‍ ആണ് കൂടെ ഉള്ളത് മകനാണ് പതിനഞ്ചു വയസ് മാത്രം തോന്നിക്കുന്ന ഒരു പയ്യന്‍ . മരുന്ന് കൊടുക്കണമെങ്കില്‍ സമ്മതപത്രം വേണം. പതിനഞ്ചുകാരന് അത് തരാന്‍ പറ്റില്ല പിന്നെന്തു ചെയ്യും, ‘സാറെ നമുക്ക് ആളെ മെഡിക്കല്‍ കോളേജിലേക്ക് വിട്ടേക്കാം അല്ലെ’? എന്ന ഡ്യൂട്ടി ഡോക്ടറുടെ ചോദ്യമാണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. ‘കോളേജില്‍ എത്തും എന്നു തോന്നുന്നുണ്ടോ മാഡത്തിന്?’
ഇല്ല മറുപടി പെട്ടന്നായിരുന്നു.
എന്നാല്‍ പിന്നെ ഇനി ഒന്നും നോക്കണ്ട മരുന്നെടുത്തോളൂ.
മുപ്പതു നാല്പത് സ്പീഡില്‍ ഓടികൊണ്ടിരുന്ന അത്യാഹിത വിഭാഗം നൂറ്റി പത്തില്‍ ഓടി തുടങ്ങി.
മരുന്ന് കയറ്റി തുടങ്ങി പത്തു മിനിട്ടിനുള്ളില്‍ ആദ്യത്തെ കോംപ്ലിക്കേഷന്‍, ഹൃദയമിടിപ്പ് തെറ്റി, പിന്നെ അത് ശെരിയാക്കാന്‍ ഉള്ള ഇന്‌ജെക്ഷന്‍ കൊടുക്കുന്നു ഷോക്ക് കൊടുക്കുന്നു ഒടുവില്‍ അത് ശരിയാവുന്നു പക്ഷെ പ്രശ്‌നം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. അല്പം കഴിഞ്ഞപ്പോള്‍ ഹൃദയം നിലച്ചു.,..കാര്‍ഡിയക് അറസ്റ്റ്…. പിന്നെ കൃത്രിമ ശ്വാസം കൊടുക്കലായി സിപിആര്‍ ആയി ആകെ പടെ അത്യാഹിത വിഭാഗം യുദ്ധക്കളമായി, മൂന്നു മണിക്കൂര്‍ മൂന്നു നിമിഷം പോലെ കടന്നു പോയി ഒടുവില്‍, കാലന്‍ ഒഴിവാക്കി വിട്ട പോലെ കണ്ണ് മിഴിച്ചു അയാള്‍ ഞങ്ങളെ നോക്കി . ‘രക്ഷപെട്ടു’ ഞാന്‍ മറിയചേടത്തിയോട് മന്ത്രിച്ചു. ‘മോന്‍ പോയി എന്തെങ്കിലും കഴിക്കു അതിനു മുന്‍പ് ആ വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ട് ഒന്ന് മാറ്റിയിട് അവര്‍ ശാസനാ സ്വരത്തില്‍ പറഞ്ഞു.’
അയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റുമ്പോളാണ് ഞാന്‍ പേര് ശ്രദ്ധിക്കുന്നത് ‘രമേശന്‍ ‘എന്റെ അതേ പേര് മകന്റെ തോളില്‍ തട്ടി യാത്രയാക്കുമ്പോള്‍ വേദനയും ക്ഷീണവും എല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു…..