നീലക്കുറുക്കന്‍ | കഥാനേരം 11 | Children Story Blue Fox


ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു.

നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി. അവിടെ നീലനിറച്ചായം വച്ചിരുന്ന ചായത്തൊട്ടിയിൽ വീണു. പിന്തുടർന്ന് വന്ന പട്ടികൾ കുറുക്കനെ കാണാത്തതിനാൽ തിരിച്ചു പോയി.

ഇതറിഞ്ഞ കുറുക്കൻ പുറത്തു വന്നു കാട്ടിലേക്ക് പോയി. കാട്ടിലുണ്ടായിരുന്ന എല്ലാ മൃഗങ്ങളും ഒരു പുതിയ മൃഗം വരുന്നത് കണ്ടു പേടിച്ചു.

തന്നെ കണ്ട് എല്ലാ മൃഗങ്ങളും പേടിക്കുന്നു എന്നറിഞ്ഞ കുറുക്കൻ എല്ലാവരേയും കബളിപ്പിക്കാൻ തീരുമാനിച്ചു.

എല്ലാ മൃഗങ്ങളേയും വിളിച്ച്, “സുഹൃത്തുക്കളെ, നിങ്ങളെ എല്ലാവരേയും നയിക്കാനായി ദൈവം എന്നെ അയച്ചതാണ്. ഇനി മുതൽ ഈ കാടിന്റെ രാജാവ് ഞാനാണ്.” എന്നു പറഞ്ഞു. എല്ലാ മൃഗങ്ങൾക്കും സന്തോഷമായി.

ദിവസവും പുതിയ രാജാവിനുള്ള ഭക്ഷണവും മറ്റുള്ള ജോലികളും ചെയ്തു കൊടുത്തു.

ഒരു ദിവസം കുറുക്കൻ സിംഹാസനത്തിൽ ഇരുന്നപ്പോൾ ഒരുകൂട്ടം കുറുക്കന്മാർ ഓരിയിടുന്നത് കേട്ടിട്ട് അവനും സ്വയം മറന്നു ഓരിയിട്ടു .

ഉടനെ കാര്യം മനസിലാക്കിയ എല്ലാ മൃഗങ്ങളും ചേർന്ന് കുറുക്കനെ വിരട്ടി ഓടിച്ചു.

ഗുണപാഠം: അർഹതയില്ലാത്തത് ആഗ്രഹിക്കരുത്.