ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു; കൊയിലാണ്ടിയിലെ മമ്മാസ് കിച്ചനും സ്ഥാപന ഉടമയും ഒന്നരലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവ്


കൊയിലാണ്ടി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനും വൃത്തിഹീനമായ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതിനും കൊയിലാണ്ടിയിലെ മമ്മാസ് കിച്ചന്‍ റസ്റ്റോറന്റും സ്ഥാപന ഉടമ മഹബൂബും പിഴയൊടുക്കണമെന്ന് ഉത്തരവ്. ഒന്നരലക്ഷം രൂപ പിഴയൊടുക്കാനാണ് നിര്‍ദേശം. കൊയിലാണ്ടിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസറുടെ പരാതിയില്‍ ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേഷന്‍ ഓഫീസറാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷന്‍ 55 പ്രകാരം ഒരു ലക്ഷം രൂപയും സെക്ഷന്‍ 56 പ്രകാരം അനാരോഗ്യകരമോ വൃത്തിഹീനമോ ആയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിച്ച് വിതരണം ചെയ്തതിന് അന്‍പതിനായിരം രൂപയും പിഴയൊടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം പിഴയടച്ച് രസീതി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

2022ലെ സംഭവങ്ങളാണ് നടപടിക്കാധാരം. 2022 ആഗസ്റ്റ് ആറിന് കൊയിലാണ്ടിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കൊയിലാണ്ടി ഐ.എല്‍.എം റോഡിലെ മമ്മമാസ് കിച്ചന്‍ റസ്‌റ്റോറന്റില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അടുക്കളയില്‍ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുകയും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും പരിഹരിക്കാന്‍ സമയം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂനതകള്‍ പരിഹരിക്കാനുള്ള ശ്രമം സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ഒക്ടോബര്‍ 10ന് വീണ്ടും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഈ സ്ഥാപനം പരിശോധിച്ചപ്പോള്‍ നേരത്തെ പരിഹരിക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നും നോട്ടീസ് നല്‍കിയെങ്കിലും ന്യൂനതകള്‍ തുടര്‍ന്നു. 2023 ജൂലൈ 26ന് വീണ്ടും പരിശോധന നടത്തി സമാനമായ രീതിയില്‍ നോട്ടീസ് നല്‍കിയെങ്കിലും ഉടമ കൈപ്പറ്റാന്‍ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിനും സ്ഥാപന ഉടമയ്ക്കുമെതിരെ കേസെടുക്കുന്നത്.