കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇനി കൂടുതല്‍പേര്‍ക്ക് ഡയാലിസിസ് ചെയ്യാം; സ്വാതന്ത്ര്യ ദിന സമ്മാനമായി ആഗസ്റ്റ് 15 ന് ഡയാലിസിസ് സെന്റര്‍ രണ്ടാം ഷിഫ്റ്റിന്റെ പ്രവര്‍ത്തനമാരംഭിക്കും


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ രണ്ടാം ഷിഫ്റ്റ് ഓഗസ്റ്റ് 15 മുതൽ പ്രവർത്തനം ആരംഭിക്കും. ജനകീയ ധനസമാഹരണത്തിലൂടെ കണ്ടെത്തിയ ഫണ്ട് ഉപയോഗിച്ചാണ് രണ്ടാം ഷിഫ്റ്റ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. രണ്ടാം ഷിഫ്റ്റ് ആരംഭിക്കുന്നതോടെ 18 പേർക്ക് കൂടി ഇവിടെ ഡയാലിസിസ് ചെയ്യാൻ സാധിക്കും.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമായി രൂപീകരിച്ച ‘സാന്ത്വനസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റാണ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 54 പേർക്ക് ആശുപത്രി സെന്ററിൽ വച്ച് ഡയാലിസിസ് ചെയ്യതിനും 15 പേർക്ക് പെരിട്ടോണിയൽ ഡയാലിസിസിനും സൗകര്യമൊരുക്കുന്നതിനുമാണ് ട്രസ്റ്റ്‌ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ രണ്ടാം ഷിഫ്റ്റ് പ്രവർത്തനം ആരംഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 2020 നവംബർ ഒന്നിനായിരുന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. പത്ത് ഡയാലിസിസ് മെഷീനുകളിലായി 18 പേർക്കാണ് ഡയാലിസിസ് ചെയ്യുന്നത്. ഇൻഷുറൻസ് തുകയും സർക്കാരിന്റെയും നഗരസഭയുടെയും ഫണ്ട്‌ ഉപയോഗിച്ചാണ് നിലവിൽ സെന്ററിന്റെ പ്രവർത്തനം നടത്തുന്നത്.

ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലപെടുത്തുന്നതിനും കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുമായി 2022 മെയ്‌ 6, 7, 8 തീയതികളിൽ സ്വാന്തനസ്പർശം ജനകീയ ധനസമാഹാരണം നടത്തുകയുണ്ടായി. കൊയിലാണ്ടി നഗരസഭയിലും, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, കീഴരിയൂർ, അരിക്കുളം, ഉള്ളിയേരി പഞ്ചായത്തുകളിലുമായി നടത്തിയ ജനകീയ ധനസമാഹാരണത്തിന്റെ ഭാഗമായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞിരുന്നു. സമാഹരിച്ച തുക ‘സാന്ത്വനസ്പർശം’ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ രണ്ടാം ഷിഫ്റ്റ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് രാവിലെ പത്തരയ്ക്ക് എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്യുക. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷയാകുന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ട്രസ്റ്റ്‌ ഭാരവാഹികൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ഡയാലിസിസ് സെന്ററിലെ മൂന്നാമത്തെ ഷിഫ്റ്റ് ഒക്ടോബറിൽ ആരംഭിക്കാനാണ് പദ്ധതി.

summary: Dialysis center second shift will now be facilitated in Taluk Hospital Koyilandy