ഇതിനകം റിപ്പോര്‍ട്ട് ചെയ്തത് നൂറോളം കേസുകള്‍, ഈ മാസം മാത്രം 23 ഡെങ്കിപ്പനി ബാധിതര്‍; ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം
ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപകം. ഇതിനകം തന്നെ പഞ്ചായത്തില്‍ നൂറോളം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. 1, 2, 7, 8, 15, 18 വാര്‍ഡുകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 23 ഡെങ്കിപ്പനി കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കുറ്റ്യാടിക്കു അടുത്ത ചെറിയകുമ്പളം, പാറക്കടവ് ഭാഗങ്ങളിലാണ് കൂടുതലായും കേസുകള്‍. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരക്ക് കാരണം പല രോഗികളും പെരുവണ്ണാമൂഴി ഗവ. ആശുപത്രിയിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലുമാണ് എത്തുന്നത്.
പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡെങ്കി ബാധിത മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി.പ്രമീള പറഞ്ഞു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഫോഗിങ് നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ ക്ലാസും നോട്ടിസ് വിതരണവും നടത്തി.
പഞ്ചായത്തില്‍ പൊതുജനാരോഗ്യ ആക്ട് നിലവില്‍ വരികയും ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. കൊതുകുകള്‍ക്ക് വളരാനാവശ്യമായ സാഹചര്യം വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ കണ്ടെത്തിയാല്‍ ഫൈന്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.