‘ഇന്ധനം നിറയ്ക്കാൻ ഒന്‍പത് കിലോമീറ്റര്‍ അധികം ഓടേണ്ട അവസ്ഥയാണ്’;കൊയിലാണ്ടിയില്‍ സി.എന്‍.ജി പമ്പ് വേണമെന്ന ആവശ്യം ശക്തമാകുന്നു; എം.പിക്ക് നിവേദനം നല്‍കാനൊരുങ്ങി ഓട്ടോ തൊഴിലാളികള്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സി.എന്‍.ജി പമ്പ് വേണമെന്ന ആവശ്യം ശക്തമാക്കി സി.എന്‍.ജി ഓട്ടോ തൊഴിലാളികള്‍. നിലവില്‍ പയ്യോളി, ചേമഞ്ചേരി, ഉള്ളിയേരി എന്നിവിടങ്ങളിലാണ് സിഎന്‍ജി പമ്പുകളുള്ളത്. ചേമഞ്ചേരിയില്‍ നിന്നാണ് മിക്ക ഓട്ടോ തൊഴിലാളികളും ഇന്ധനം നിറയ്ക്കുന്നത്.

ഇന്ധനം ഗ്യാസ് നിറയ്ക്കുന്നതിനായി കുറഞ്ഞത് ഒന്‍പത് കിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും പയ്യോളി, ഉള്ളിയേരി എന്നിവിടങ്ങളിലേക്കെത്താന്‍ ഇതിലും ദൂരം സഞ്ചരിക്കണമെന്നും ഓട്ടോ തൊഴിലാളിയായ എ.വി. ലിനേഷ് പറഞ്ഞു.

ഒരു ടാങ്കും രണ്ട് ടാങ്കുമുള്ള ഓട്ടോകളാണ് കൊയിലാണ്ടിയില്‍ സര്‍വ്വീസ് നടത്തുന്നത്. ഒരു ടാങ്കുള്ള ഓട്ടോയില്‍ ഓരോ ദിവസവും രണ്ട് ടാങ്കുള്ള ഓട്ടോയില്‍ രണ്ട് ദിവസം കൂടുമ്പോഴുമാണ് സാധാരണയായി ഇന്ധനം നിറക്കേണ്ടിവരുന്നത്. ഇതിനായി ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരുന്നത് വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടിയില്‍ പെട്രോള്‍ പമ്പുകളുണ്ടെങ്കിലും ഒന്നിലും സി.എന്‍.ജി ഗ്യാസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. നിലവില്‍ 50 സിഎന്‍ജി ഓട്ടോകളാണ് കൊയിലാണ്ടിയില്‍ സര്‍വീസ് നടത്തുന്നത്. കൊയിലാണ്ടിയില്‍ സിഎന്‍ജി പമ്പ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ടി ഉഷ എം.പിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഓട്ടോത്തൊഴിലാളികള്‍.