ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ എത്തിയത് കോടികള്‍; ആഡംബര ഫോണ്‍ വാങ്ങിയും ഷെയര്‍ മാര്‍ക്കറ്റില്‍ പണം ഇറക്കിയും ആഘോഷം, ചെലവാക്കുന്തോറും അക്കൗണ്ടിലേക്ക് വീണ്ടും പണമൊഴുക്ക്; തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍


തൃശൂർ: സ്വന്തമല്ലാത്ത പണം ഉപയോഗിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ എത്തിയപ്പോൾ ആ ചെറുപ്പക്കാർ ഒന്ന് അന്ധാളിച്ചു. പണി കിട്ടുമെന്ന് അവർ ആലോചിച്ചതേയില്ല. പിന്നെ ആർമാദിച്ച് ചെലവാക്കാൻ തുടങ്ങി.

2.44 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. പുതുതലമുറ ബാങ്കുകളിൽ ഒന്നിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരാൾക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് ഈ അക്കൗണ്ടിലേക്ക് കൂടുതൽ പണം എത്തിയത് കോടികൾ അക്കൗണ്ടിൽ ആയതോടെ ഇവർ മത്സരിച്ചു ചെലവാക്കാനും തുടങ്ങി. ഫോൺ ഉൾപ്പെടെ പലതും വാങ്ങി. ഷെയർ മാർക്കറ്റിലും മറ്റും പണം ഇറക്കി. ചെലവാക്കും തോറും പണം പിന്നെയും വന്നുകൊണ്ടിരുന്നു.

ഘട്ടംഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. മൊത്തം 171 ഇടപാടുകളാണ് നടത്തിയത്. സൈബർ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്.