കെ റെയിലിനെതിരായ നുണപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ കൊയിലാണ്ടി മേഖലയില്‍ ഗൃഹ സന്ദര്‍ശനവുമായി സി.പി.എം


കൊയിലാണ്ടി: കേരളത്തിന്റെ സ്വപ്നതുല്യമായ വികസനപദ്ധതികളെയാകെ എതിര്‍ക്കുന്ന യുഡിഎഫ്-ബിജെപി -മാധ്യമ കൂട്ടുകെട്ടിന്റെ നുണപ്രചാരവേലകള്‍ തുറന്നു കാണിക്കുന്നതിനുവേണ്ടി സിപിഎം നേതൃത്വത്തിലുള്ള ഗൃഹസന്ദര്‍ശനം തുടരുന്നു. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി ഭൂമിയോ വീടോ നഷ്ടപ്പെടാന്‍ സാധ്യതയുള്ള കുടുംബങ്ങളുമായി ചര്‍ച്ചചെയ്യാനാണ് ഗൃഹസന്ദര്‍ശനം.

ചൊവ്വാഴ്ച രാവിലെ മുതല്‍ തിരുവങ്ങൂര്‍ അരങ്ങില്‍ കുനി ഭാഗത്തും പൂക്കാട് റെയില്‍വേ ലൈനിന് പടിഞ്ഞാറ് വശങ്ങളിലും നേതാക്കള്‍ വീടുകള്‍ കയറി. ജില്ലാ സെക്രട്ടറിയറ്റംഗം കെ.കെ മുഹമ്മദ്, കാനത്തില്‍ ജമീല എംഎല്‍എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, എം നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

ആദ്യദിനം വെങ്ങളം ഭാഗത്ത് സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, കെ കെ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, സിപിഎം നേതാക്കളായ പി സി സതീഷ്ചന്ദ്രന്‍, ബി പി ബബീഷ്, കെ വി സുരേന്ദ്രന്‍, വി മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

ഭൂമിയും വീടും മറ്റ് കെട്ടിടങ്ങളും നഷ്ടപ്പെടുന്ന കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കലിലെ വീട്ടുകാരുമായി നഗരസഭ ചെയര്‍മാന്‍ കെ പി സുധ, വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ലോക്കല്‍ സെക്രട്ടറി പി വി സത്യന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ യു കെ ചന്ദ്രന്‍, എം വി ബാലന്‍, മാങ്ങോട്ടില്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശങ്കകള്‍ അകന്നതോടെ വീട്ടുടമകള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയെ പിന്തുണയ്ക്കാമെന്ന് ഉറപ്പുനല്‍കി.