പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന് ഒരുങ്ങി പേരാമ്പ്ര: സമ്മേളനം ഏപ്രില്‍ രണ്ടിന്


പേരാമ്പ്ര: കേരള പൊലീസ് അസ്സോസിയേഷന്‍ 37 ആമത് കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന് ഈ വര്‍ഷം പേരാമ്പ്ര ആഥിത്യം വഹിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സമ്മേളനങ്ങള്‍ നടക്കാത്തതിനാല്‍ സംഘടനാ പ്രവര്‍ത്തകരും, അംഗങ്ങളും വലിയ ആവേശത്തിലാണ് ഈ വര്‍ഷത്തെ ജില്ലാ സമ്മേളനത്തെ സമീപിക്കുന്നത്.

പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും, പോലീസ് ഓഫീസുകളില്‍ നിന്നും എണ്ണുറോളം പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് പുസ്തക ചലഞ്ച് പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. പ്രതിനിധികളില്‍ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങള്‍ സമ്മേളന കാലത്ത് സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ഗിരീഷ് എ.എസ്.ഐയുടെ സ്മരണാര്‍ത്ഥം ഉള്ളേരി കൊയക്കാട് നവദീപം സാംസ്‌കാരിക വേദി പുതതായി ആരംഭിക്കുന ഗ്രന്ഥാലയത്തിന് കൈമാറുകയും ചെയ്യും.

ഏപ്രില്‍ 2 ആം തിയ്യതി നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി വിപുലമായ അനുബന്ധ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

സമ്മേളനത്തിന് മുന്നോടിയായി മാര്‍ച്ച് 19 ആം തിയ്യതി പേരാമ്പ്രയില്‍ സ്വാഗത സംഘ രൂപീകരണ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 24ന് ബാലുശേരി ഫുട്‌ബോള്‍ ടൂര്‍ണമെന്റും,25ന് ചെങ്ങോട്ട് കാവില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും, 26ന് പയ്യോളിയില്‍ വെച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റും, വടകരയില്‍ വെച്ച് വോളിബോള്‍ ടൂര്‍ണമെന്റും നടത്തിയിരുന്നു.

ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായി കഥ, കവിത രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ന് പേരാമ്പ്ര വി.വി.ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ വെച്ച് ചിത്രരചനാ ക്യാമ്പും, വൈകിട്ട് കുടുംബസംഗമവും നടക്കും.
കുടുംബസംഗമത്തിനൊപ്പം മാര്‍ച്ച് 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയും നടക്കും

പരിപാടി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് ഐ.പി.എസ് ഉപഹാര സമര്‍പ്പണം നടത്തും. കുടുംബസംഗമത്തിന്റെ ഭാഗമായി പോലീസ് കിടുംബാംഗങ്ങളുടെയും, പ്രൊഫഷണല്‍ കലാകാരന്മാരുടെയും വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിന് ജില്ലാ കമ്മിറ്റി യോഗം പേരാമ്പ്ര പി.ഡബ്ല്യു.ഡി ടൗണ്‍ ഹാളില്‍ വെച്ചു നടക്കും. ബഹുമാനപ്പെട്ട പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2 ന് പേരാമ്പ്ര വി.വി.ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും.