തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി; വടകരയില്‍ ആദ്യ ലീഡ് യുഡിഎഫിന്‌


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ വടകരയില്‍ ആദ്യ ലീഡ് യുഡിഎഫിന്‌. 90 വോട്ടിനാണ് ഷാഫി പറമ്പില്‍ മുന്നിലുള്ളത്‌. കണ്ണൂരില്‍ എല്‍ഡിഎഫാണ് മുന്നില്‍. 49 വോട്ടുകള്‍ക്കാണ്‌ എല്‍ഡിഎഫ് മുന്നിലുള്ളത്. അതേ സമയം കോഴിക്കോട് 17 വോട്ടിന് യുഡിഎഫാണ് മുന്നിലുള്ളത്. ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണുള്ളത്.

8.30ഓടെയാണ് സംസ്ഥാനത്ത്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്. എന്നാല്‍ വടകരയില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ താമസിച്ചിരുന്നു. 8.40ഓടെയാണ് വടകരയിലെ തപാല്‍ വോട്ടുകളുടെ ആദ്യ ലീഡ് പുറത്ത് വന്നത്‌.

30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്. ഇവിഎം വോട്ടുകൾ എണ്ണാനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വടകര ലോക്സഭാ മണ്ഡലത്തിനായി ഏഴ് കൗണ്ടിംഗ് ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ലീഡ് നില അറിയിക്കും. ഉച്ചയോടെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.