രാമനാട്ടുകര ടു അഴിയൂർ; ആറുവരി പാത നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; കൊയിലാണ്ടിയുടെ ഗതാഗത കുരുക്കുകൾക്ക് ഉടനടി ആശ്വാസം


കൊയിലാണ്ടി: കോഴിക്കോട് നഗരം തൊടാതെ ജില്ലയിലൂടെ പറപറക്കാനുള്ള ആറുവരിപ്പാതയുടെ പണി അവസാനഘട്ടത്തിൽ. റോഡ് ഗതാഗതത്തിൽ മറ്റേത് ജില്ലയേയും വെല്ലാനൊരുങ്ങുകയാണ് നാട്. കൊയിലാണ്ടി കോമത്ത്കരയിലും ഭൂഗർഭപാതയായി ദേശീയപാത കടന്നു പോകുന്നുണ്ട്.

രാമനാട്ടുകര മുതൽ അഴിയൂർ വരെ 69.2 കലോമീറ്റർ ദൂരത്തിലാണ് റോഡ് ആറുവരിപ്പാതയായി വികസിക്കുന്നത്. രാമനാട്ടുകര-വെങ്ങളം പാതയ്ക്കൊപ്പം കൊയിലാണ്ടി, വടകര ഭാഗങ്ങളിലും ദേശീയപാത വികസനം പുരോഗമിക്കുമ്പോൾ കൊയിലാണ്ടിക്കാർക്ക് ആശ്വാസത്തിന്റെ സ്വപ്നങ്ങളാണ് കാണാൻ കഴിയുക. ജില്ലയിലെ പതിവ് കുരുക്കുകളായ നഗരത്തിലെ കവലകൾ, കോരപ്പുഴ, കൊയിലാണ്ടി, കൊല്ലം, മൂരാട് തുടങ്ങിയ ബ്ലോക്കുകളെല്ലാം ഒഴിവായുള്ള യാത്ര വലിയ മാറ്റമായിരിക്കും കൊണ്ടുവരുക.

രാമനാട്ടുകര ഇടിമൂഴിക്കൽ മുതൽ വെങ്ങളം വരെയുള്ള 28 കിലോമീറ്ററിൽ പാലങ്ങളും ജംഗ്ഷനുകളുമൊഴിച്ചുള്ള ഭാഗങ്ങളിൽ റോഡ് പണി ടാറിംഗിനുള്ള അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഓവുചാലുകളുടെയും അതിരിലെ കോൺക്രീറ്റു ബീമുകളുടെയുമെല്ലാം പണി പൂർത്തിയായിവരികയാണ്. ഇനി ഭൂഗർഭ പാതകളുടെയും ഓവർ ബ്രിഡ്ജുകളുടെയും പാലങ്ങളുടെയും പണിയാണ് പുരോഗമിക്കാനുള്ളത്.

കോഴിക്കോട് ബൈപ്പാസിൽ രാമനാട്ടുകര മുതൽ പന്തീരാങ്കാവ് വരെയുള്ള ഭാഗത്തും വേങ്ങേരിക്കടുത്ത് കുണ്ടുപറമ്പിലും മൊകവൂരിലുമെല്ലാം റോഡ് കോൺക്രീറ്റ് അവസാനഘട്ടത്തിലാണ്. വൈകാതെ അതുവഴി വാഹനങ്ങൾ കടത്തിവിടും എന്നാണ് ലഭിക്കുന്ന വിവരം. രാമനാട്ടുകര മുതൽ പൂളാടിക്കുന്ന് വരെ കാൽനടയാത്രക്കാർക്ക് മുറിച്ചുകടക്കാനുള്ള അടിപ്പാതകളുടെ നിർമാണം പലയിടത്തും തുടങ്ങിയിട്ടുണ്ട്. പുറക്കാട്ടിരിയിൽ പുതിയ പാലത്തിനുള്ള പൈലിംഗ് നടക്കുന്നു.

വെങ്ങളം ജംഗ്ഷനിൽ ആറുവരിപ്പാതയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തിരുവങ്ങൂർ ഉൾപ്പെടെയുള്ളയിടങ്ങളിൽ റോഡിനായി കെട്ടിടങ്ങളൊക്കെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ചെങ്ങോട്ട്കാവുവരെ കെട്ടിടാവശിഷ്ടങ്ങൾ കാണാം. അയനിക്കാട് ഭാഗത്ത് വിശാലമായ രണ്ടുവരിപ്പാത റോഡായി മാറിക്കഴിഞ്ഞു.

വടകര ഭാഗത്തെത്തിയാൽ മൂരാട് പുതിയ പാലംപണിയും അതിവേഗം പുരോഗമിക്കുന്നുണ്ട്. പുതിയ പാലം യാഥാർത്ഥ്യമാവുന്നതോടെ കുരുക്കെന്ന വല്യ പ്രശ്‌നത്തിനാണ് പരിഹാരമാവുക.