പാനൂരിൽ കോൺഗ്രസ് നേതാവിന് നേരെ ആക്രമണം, വെട്ടിപരിക്കേൽപ്പിച്ചു; പിന്നിൽ ആർ.എസ്.എസെന്ന് ആരോപണം


തലശേരി: പാനൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡന്റും, പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി ഹാഷിമിന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒരു സംഘം ഷമീമിനെ വെട്ടി പരിക്കേൽപ്പിച്ചത്.


അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം നടന്നത്. വീടിനു സമീപത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു ഹാഷിം. വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ കോൺഗ്രസ് നേതാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച്ച പുലർച്ചെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുകാലുകൾക്കും വെട്ടേറ്റതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ നിന്നും മാറ്റിയത്.

അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് കോൺഗ്രസ് ആർ.എസ്.എസ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹാഷിം ആക്രമിക്കപ്പെട്ടത് എന്നാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്.

കോൺഗ്രസ് നേതാവിനെതിരെ അക്രമം നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ പോസ് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പാനൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.