തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്.
ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 1078 വോട്ടുകളാണ് ലഭിച്ചത്.
2011 ല്‍ കോണ്‍ഗ്രസിന്റെ ബെന്നി ബഹനാന്‍ നേടിയ 22406 ആണ് തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതാണ് ഉമാ തോമസ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
എട്ട് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ആറ് റൗണ്ട് എണ്ണിയപ്പോള്‍ തന്നെ പി.ടി.തോമസ് നേടിയ 14329 എന്ന ഭൂരിപക്ഷത്തെ ഉമാ തോമസ് മറികടന്നിരുന്നു.
പത്ത് ബൂത്തുകളില്‍ മാത്രമാണ് ഇതുവരെ എല്‍.ഡി.എഫിന് മുന്നിലെത്താന്‍ കഴിഞ്ഞത്. അന്തിമഫലം വരുമ്പോള്‍ ഇതില്‍ വ്യത്യാസം ഉണ്ടാകാം. ആദ്യ റൗണ്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ഫലം സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. ശക്തമായ മത്സരം പോലും കാഴ്ച വയ്ക്കാന്‍ കഴിയാതെയാണ് സി.പി.എം പരാജയം സമ്മതിച്ചത്.
രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകള്‍ വോട്ടെണ്ണല്‍ മേശകളിലേക്കു മാറ്റി. എട്ട് മണിക്ക് യന്ത്രങ്ങളുടെ സീല്‍ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂര്‍ണ റൗണ്ടുകളും തുടര്‍ന്ന് അവസാന റൗണ്ടില്‍ 8 യന്ത്രങ്ങളുമാണ് എണ്ണുക.
ആകെയുണ്ടായിരുന്ന പത്ത് പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം ഉമാ തോമസിനും രണ്ട് വോട്ടുകള്‍ വീതം എന്‍.ഡി.എ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചു. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി.