ഇനി ദിവസം ഒരു മുട്ട ആയാലോ? ദേശീയ മുട്ടദിനത്തില്‍ മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചും അറിയാം


ന്ന് ദേശീയ മുട്ട ദിനം. ഏറ്റവും വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് മുട്ട. എല്ലാ വര്‍ഷവും ജൂണ്‍ 3 ദേശീയ മുട്ടദിനമായി ആഘോഷിക്കുന്നു. ഈ ദിവസം മുട്ടയുടെയും എല്ലാ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളുടെയും പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.

പ്രധാനഭക്ഷണമായും മറ്റു ഭക്ഷണ സാധനങ്ങളിലെ ചേരുവയായും ഉപയോഗിക്കുന്ന ഒന്നാണ് മുട്ടകള്‍. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ദേശീയ മുട്ട ദിനം ആഘോഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. മുട്ട പ്രധാന ചേരുവയായി ഉപയോഗിച്ച് ഇന്നത്തെ എല്ലാ ഭക്ഷണവും തയ്യാറാക്കാം. മുട്ട പ്രധാന തീം ആക്കിക്കൊണ്ട് പാര്‍ട്ടികള്‍ നടത്താം. ദേശീയ മുട്ട ദിനം ആഘോഷിക്കുന്നതിനുള്ള മറ്റൊരു ആശയം മുട്ട ഉപയോഗിച്ചുള്ള ഒരു പുതിയ വിഭവം പാചകം ചെയ്യുക എന്നതാണ്.

ബിസി 7500 മുതലാണ് മനുഷ്യന്‍ മുട്ടകള്‍ ഉപയോഗിച്ച് തുടങ്ങിയത്. അവ പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, ഡി, ബി6, ബി12 പോലുള്ള അവശ്യ വിറ്റാമിനുകളും സിങ്ക്, അയണ്‍ തുടങ്ങിയ ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. മുട്ടകള്‍ എങ്ങനെ പാകം ചെയ്തു കഴിച്ചാലും അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല.

മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം:

വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ഠമാണ് മുട്ട. ഇതിന് പുറമെ ഫോസ്ഫറസിന്റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലിന്റെയും നിര്‍മാണത്തിന് സഹായിക്കും.

ബീറ്റൈന്‍, കോളിന്‍ തുടങ്ങിയ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

ആന്റി ഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സാണ് മുട്ട. ഇത് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം വരാനുള്ള സാധ്യതയും കണ്ണുകളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കും.


കോളിന്‍ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സുകളിലൊന്നാണ് മുട്ട. കോശ സ്തരങ്ങളുടെ രൂപീകരണത്തിനും മെമ്മറി ഉള്‍പ്പെടെയുള്ള മസ്തിഷ്‌ക പ്രവര്‍ത്തനത്തിനും ഈ പോഷകം ആവശ്യമാണ്. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഇത് വളരെ പ്രധാനമാണ്.

ഉയര്‍ന്ന പ്രോട്ടീനിന്റെ അപൂര്‍വമായ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീന്‍ ദഹനത്തിന് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ വിശപ്പ് തോന്നിക്കുകയുമില്ല. കൊഴുപ്പിനെ തടയുന്ന വിറ്റാമിനുകളുടെ സാന്നിധ്യവും പ്രോട്ടീന്‍ സാന്നിധ്യവും അമിതഭാരം കുറക്കാന്‍ സഹായിക്കും.