‘ശങ്ക തീര്‍ക്കാന്‍ ഞങ്ങള്‍ എങ്ങോട്ടു പോകണം?’ ബസ് സ്റ്റാന്റിലെ മൂത്രപ്പുര മുഴുവന്‍ സമയവും പൂട്ടിയിട്ട നിലയില്‍; മാര്‍ക്കറ്റിലേത് ഉച്ചയ്ക്കുശേഷം പണിമുടക്കും: പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ എങ്ങോട്ടു പോകണമെന്ന് കൊയിലാണ്ടിക്കാര്‍
കൊയിലാണ്ടി: ദിവസം ആയിരക്കണക്കിന് പേര്‍ തൊഴിലിന്റെ ഭാഗമായും അല്ലാതെയും എത്തുന്ന കൊയിലാണ്ടി നഗരത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. കൊയിലാണ്ടി ബസ് സ്റ്റാന്റിലെയും മാര്‍ക്കറ്റിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍ കൃത്യമായി തുറന്നു പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം.
ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന പോര്‍ട്ടര്‍മാരെയും മറ്റ് കച്ചവടക്കാരെയുമാണ് ഈ പ്രശ്‌നം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തിങ്കളാഴ്ച മുതലാണ് പൂട്ടിയത്. മാര്‍ക്കറ്റിലുള്ള മൂത്രപ്പുര ഏറ്റെടുത്തു നടത്താന്‍ കരാര്‍കാരെ കിട്ടാത്തതിനാല്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളാണ് രാവിലെ ഇത് തുറന്നിടുന്നത്. ഉച്ചയ്ക്ക് അവര്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ഇത് പൂട്ടുകയും ചെയ്യും. അതിനുശേഷം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
തങ്ങളെപ്പോലെ പകല്‍മുഴുവന്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടിലാകുന്നതെന്ന് കൊയിലാണ്ടിയിലെ പോര്‍ട്ടര്‍ പറഞ്ഞു. ദീര്‍ഘദൂര യാത്ര കഴിഞ്ഞും മറ്റും പുറത്തുനിന്നെത്തുന്നവരും ബുദ്ധിമുട്ടുകയാണ്. ‘ പുറത്തുനിന്നുവരുന്നവര്‍ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനിലെത്തുമ്പോള്‍ അത് പൂട്ടിക്കിടക്കുന്നതാണ് കാണുക. അവിടെയുള്ളവരോട് ചോദിക്കുമ്പോള്‍ മാര്‍ക്കറ്റില്‍ മൂത്രപ്പുരയുണ്ടെന്നും അവിടെ പോകാനും പറയും. അവിടെയാണെങ്കിലും അതും പൂട്ടിയിട്ട അവസ്ഥയിലാണ്.’ എന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.