കൊയിലാണ്ടി വഴിയുള്ള യാത്ര കടല് കണ്ട് ആസ്വദിച്ചാകാൻ ഇനി അധികം വൈകില്ല, തീരദേശ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കൽ ഉടൻ; നടപടികൾക്ക് വേഗം

കൊയിലാണ്ടി: കടലിന്റെ ഭംഗി ആസ്വദിച്ചും കടല്‍ക്കാറ്റേറ്റും എണ്ണമറ്റ കാഴ്ചകള്‍ കണ്ടും ഒരു യാത്ര, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി ഏറെ കാത്തിരിക്കേണ്ട. കോഴിക്കോട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകരാനും യാത്രാ സൗകര്യം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തീരദേശ ഹൈവേ നിര്‍മ്മാണത്തിന്റെ പ്രാരംഭ ജോലികള്‍ തുടങ്ങി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട പാത ഒരു യാത്രയില്‍ തന്നെ ഒട്ടേറെ കാഴ്ചകള്‍ യാത്രികന് സമ്മാനിക്കും.

തീരദേശ ഹൈ വേയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ചേമഞ്ചേരി പഞ്ചായത്തിലെ പദ്ധതി പ്രദേശം എം.എൽ.എ കാനത്തിൽ ജമീല സന്ദർശിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്സതി കിഴക്കയിൽ, പന്തലായനി ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബുരാജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥലം സന്ദർശനത്തിൽ പങ്കെടുത്തു.

കൂടാതെ തീരദേശ ഹൈവേയ്ക്കായി കൊയിലാണ്ടി മുതൽ മുത്തായം വരെയുള്ള റീച്ചിലെ സർവ്വേ നടപടികൾ ആരംഭിക്കുന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെ യോഗവും വിളിച്ചു ചേർത്തു.

യോഗത്തിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ്, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ തീരപ്രദേശത്തെ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കളക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ നിന്ന്‌

കടലുണ്ടി, ബേപ്പൂർ പോർട്ട്‌, ഉരുനിർമാണശാല, ചാലിയം, കോഴിക്കോട്‌ ബീച്ച്‌, കാപ്പാട്‌, തിക്കോടി, കൊളാവിപ്പാലം ആമവളർത്തൽ കേന്ദ്രം, സർഗാലയ, കുഞ്ഞാലിമരയ്‌ക്കാർ സ്‌മാരകം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങൾ പിന്നിട്ടാണ്‌ പാത കടന്നുപോകുന്നത്‌.

പുതിയ പാത യാഥാർഥ്യമാകുന്നതോടെ തിക്കോടി ബീച്ചിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഡ്രൈവിങ്‌ ബീച്ചായ തിക്കോടിയിൽ മണലും കളിമണ്ണും ചേർന്ന മിശ്രിതമുള്ള കടപ്പുറത്ത്‌ വാഹനങ്ങൾ താഴ്‌ന്നുപോകില്ല. വടകരയിലെ കുഞ്ഞാലി മരയ്‌ക്കാർ സ്‌മാരകത്തിലേക്കും സഞ്ചാരികൾക്ക്‌ വേഗത്തിൽ എത്താനാകും. കൊളാവിപ്പാലം ആമവളർത്തൽ കേന്ദ്രത്തിൽ ഇപ്പോൾ എത്തുന്നതിന്റെ ഇരട്ടിയിലധികം ആളുകൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഉരുനിർമാണ പെരുമയുള്ള ബേപ്പൂരിൽ പായ്‌ക്കപ്പലിന്റെ മാതൃകയിലും വടകരയിൽ നിർമിക്കുന്ന കുഞ്ഞാലിമരയ്‌ക്കാർ എനർജി ബ്രിഡ്‌ജ്‌’ പടവാളുകളുടെ മാതൃകയിലുമാണ്‌ പാലങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ ആണ് തീരദേശ ഹൈവേ കടന്നു പോകുന്നത്.