‘കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും, ബിജെപി ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല’; പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി


കണ്ണൂര്‍: കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപി നേരത്തേതന്നെ സ്വീകാര്യരല്ല. ഒരു സീറ്റില്‍ പോലും അവര്‍ രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. കേരളത്തിന് എതിരെയുള്ള നിലപാടുകള്‍ക്ക് മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില കാര്യങ്ങളില്‍ ഇ പി ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായി. നന്ദകുമാറിനെ ആരും വിശ്വസിക്കില്ല. കൂടിക്കാഴ്ച നടത്തിയതി ല്‍ തെറ്റില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായി ആര്‍സി അമല ബേസിക് സ്‌കൂളിലായിരുന്നു വോട്ട്.