കൊയിലാണ്ടി ടീച്ചര്‍ക്കൊപ്പം; കെ.കെ ശൈലജ ടീച്ചര്‍ക്കായി വോട്ടുതേടി പിണറായി എത്തി, നഗരത്തെ ചുവപ്പിച്ച് ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ


കൊയിലാണ്ടി: കെ.കെ ശൈലജ ടീച്ചര്‍ക്കായി കൊയിലാണ്ടിയില്‍ റോഡ്‌ഷോയില്‍ അണിനിരന്ന് ആയിരക്കണക്കിന് ആളുകള്‍. വടകര ലോകസ്ഭാ മണ്ഡലം എൽ.ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കുവേണ്ടി സംഘടിപ്പിച്ച കൊയിലാണ്ടി അസംബ്ലി മണ്ഡലം റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 അംഗസംഘം കേരളത്തിനായി എന്താണ് ചെയ്തതതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കൊയിലാണ്ടിയില്‍ കെ.കെ ശൈലജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍.ഡി.എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട 18 ആളുകളും കഴിഞ്ഞ 5 വര്‍ഷവും മോഡി സര്‍ക്കാരിനൊപ്പമല്ലേ നിന്നതെന്നും കേരളത്തെ കുറ്റപ്പെടുത്തി ബിജെപി സര്‍ക്കാരിന് അനുകൂലമായ നിലപാട് എടുക്കുകയല്ലേ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ വച്ച് നടന്ന പരിപാടിയ്ക്ക് ശേഷം ആയിരക്കണക്കിന് പേര്‍ അണിനിരന്ന റോഡ് ഷോയും നടന്നു. കൊയിലാണ്ടി ടീച്ചര്‍ക്കൊപ്പം എന്ന ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളും പ്രായമായവരും കുട്ടികളുമടങ്ങുന്ന നിരവധി ആളുകളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. കെ.കെ ശൈലജ ടീച്ചര്‍ക്കായി കൊയിലാണ്ടിയ്ക്ക് പുറമേ തലശ്ശേരി, പുറമേരി,പാനൂര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു.

കെ. ദാസന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ മണ്ഡലം ചെയര്‍മാന്‍ രാമചന്ദ്രന്‍ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു. ക്യാമറാമാനും സംവിധായകനുമായ അഴകപ്പന്‍ സന്നിഹിതനായിരുന്നു. കെ.കെ ശൈലജ ടീച്ചര്‍, എം.വി ശ്രേയാംസ് കുമാര്‍, കാനത്തില്‍ജമീല എം.എല്‍.എ, അഹമ്മദ് ദേവര്‍ കോവില്‍, ആര്‍. ശശി, കെ.കെ മുഹമ്മദ്, പി. വിശ്വന്‍, എം.പി ശിവാനന്ദന്‍, ഇ.കെ അജിത്ത്, എന്‍.കെ ഭാസ്‌ക്കരന്‍, ടി.എം ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.