ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഹരിത സഭ പൂക്കാട് നടന്നു; ഹരിതകർമ്മസേനയ്ക്കായി വാങ്ങിയ വൈദ്യുത വാഹനത്തിന്റെ താക്കോൽ കൈമാറി


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റ് ഹരിത സഭ പൂക്കാട് എഫ്.എഫ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അനിൽ കുമാർ ടി പ്രവർത്തന പുരോഗതി അവലോകനം ചെയ്തു. ഹരിത കർമ്മ സേനാ പ്രതിനിധി ഷീന ഹരിത കർമ സേനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിന്മേൽ ഉള്ള ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടന്നു.

ചർച്ച സംബന്ധിച്ച് പാനൽ പ്രതിനിധി സതീഷ് ചന്ദ്രൻ സംസാരിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് ജനകീയ ഓഡിറ്റ് സമിതിക്ക് കൈമാറി. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹാരിസ് ആശംസ നേർന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനാംഗങ്ങളെ പരിചയപ്പെടുത്തലും ഹരിത കർമ്മ സേനയ്ക്ക് വാങ്ങിയ പുതിയ ഇ-വാഹനത്തിൻ്റെ താക്കോൽ ദാനവും നടന്നു.

ഹരിത സഭയ്ക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ വന്ദന നന്ദിയും പറഞ്ഞു.