അറുപത് വർഷത്തിലധികം കാവുകളിലും ക്ഷേത്രങ്ങളിലും തിറയാട്ടം നിറഞ്ഞാടിയ ശരീരം ഇന്ന് ചലിക്കുന്നത് തയ്യൽ മെഷീനിൽ കിടക്ക തുന്നുന്ന താളത്തിനൊത്ത്; ഇത് തിറയാട്ടത്തിൻ്റെ അവസാന വാക്കായ ചേലിയ സ്വദേശി കുഞ്ഞി ബാലന്റെ കഥ
എ.സജീവ് കുമാർ
കൊയിലാണ്ടി: വർഷങ്ങളോളം കാവുകളിലും ക്ഷേത്രങ്ങളിലും ശ്രദ്ധേയമായി തിറയാട്ടം നടത്തിയ ചേലിയ കരിയാട്ട് കുഞ്ഞി ബാലൻ ഇപ്പോഴും വീട്ടിലിരുന്ന് തയ്യൽ മെഷീനിൽ കിടക്ക തുന്നുന്നു. വടക്കെ മലബാറിലെ ഏതാണ്ടെല്ലാ കാവുകളിലും തിറ കെട്ടിയാടുന്ന പ്രശസ്തരെല്ലാം തങ്ങളുടെ ഗുരുവായി കാണുന്നത് ഇദ്ദേഹത്തേയാണ്.
പിതാവും ഗുരുവുമായ ശങ്കു മാഷിൽ നിന്ന് കിട്ടിയ അറിവു വച്ച് ആലങ്ങാട്ട് ക്ഷേത്രത്തിൽ പതിനാറാം വയസ്സിലാണ് കുഞ്ഞി ബാലൻ ഭഗവതി തിറ കെട്ടി കൊണ്ട് ആദ്യമായി കോലധാരിയായത്. പിന്നീട് 75 വയസ്സുവരെ തുടർച്ചയായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിൽ തിറ കെട്ടിയാടി. ഭഗവതി, പരദേവത, വേട്ടക്കൊരുമകൻ, തീക്കുട്ടിച്ചാത്തൻ, നാഗത്തിറ, തലച്ചില്ലോൻ തുടങ്ങി ഏതാണ്ടെല്ലാ തിറകളും കുഞ്ഞി ബാലൻ കെട്ടിയാടിയിട്ടുണ്ട്.
കണയങ്കോട് കിടാരത്തിൽ ആദ്യമായി തീക്കുട്ടിച്ചാത്തൻ തിറ കെട്ടിയാടിയത് അന്നത്തെ 32 കാരനായ ഇദ്ദേഹമായിരുന്നു. 21 അടിയിലധികം നീളമുള്ള മുടിയുമായി കെട്ടിയാടുന്ന കുഞ്ഞി ബാലൻ്റ നാഗത്തിറ കാണുന്ന വരെ അതിശയിപ്പിക്കുന്നതായിരുന്നു.
കുന്നിമഠം, തെക്കയിൽ, കുന്നാരി, പായ്യോട്ട്, പിച്ചകച്ചേരി, കണ്ണ്യാടത്ത് തലച്ചില്ലോൻ അടക്കം നിരവധി ക്ഷേത്രങ്ങളിലെ അവകാശി എന്ന നിലയിൽ ഇപ്പോഴും തിറ അവതരിപ്പിക്കേണ്ടത് ഇദ്ദേഹം തന്നെയാണ്. ശിഷ്യരെ വച്ച് ഇവിടെയെല്ലാം തിറ കെട്ടിയാട്ടം നടത്തുന്നുണ്ട്.
തലശ്ശേരിയിലും മാഹിയിലും കണ്ണൂരുമെല്ലാം പെരുവണ്ണാൻ കെട്ടേണ്ടുന്ന തെയ്യങ്ങൾ കെട്ടാനായി ഭാരവാഹികൾ ചേലിയയിൽ കുഞ്ഞി ബാലനെ തേടിയെത്തുമായിരുന്നു. അച്ഛൻ വർഷങ്ങൾക്കു മുൻപ് എഴുതി വച്ച തോറ്റംപാട്ടുകളും അഞ്ചടിയുമെല്ലാം ഒരു നിധിപോലെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇതിൽ നിന്നു കിട്ടിയ അറിവുകളാണ് തൻ്റെ ശിഷ്യർക്കെല്ലാം ഇദ്ദേഹം പകർന്നത്. തെയ്യത്തിനാവശ്യമായ കുരുത്തോല കൊണ്ടും തുണികൊണ്ടു മുള്ള എല്ലാ ചമയങ്ങളും ആഭരണങ്ങളുംനിർമ്മിക്കാനും, മുഖത്തെഴുത്തും ചെണ്ടയുമെല്ലാം ഇദ്ദേഹത്തിന് ഹൃദിസ്ഥമാണ്.
വടക്കേ മലബാറിൽ കോലധാരിയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ശ്രീജേഷ് കുറുവങ്ങാട് ഇദ്ദേഹത്തിൻ്റെ പേരക്കുട്ടിയും നിധീഷ് കാവും വട്ടം, പ്രജീഷ് എന്നിവർ പ്രധാന ശിഷ്യരുമാണ്. അറുപത് വർഷത്തിലധികം കാവുകളിലും ക്ഷേത്രങ്ങളിലും തിറയാട്ടത്തിൻ്റെ എല്ലാ വശവും അവതരിപ്പിച്ച ഈ കലാകാരനെ നിരവധി ക്ഷേത്രങ്ങൾ ആദരിച്ചിട്ടുണ്ട്. ഭാര്യ അമ്മുവും മക്കളും പേരമക്കളുമായി കഴിയുന്ന ഈ പ്രതിഭാശാലിക്ക് സർക്കാരിൽ നിന്ന് ഇതു വരെ ഒരംഗീകാരവും ലഭിക്കാത്തതിൽ ഒരു പരാതിയുമില്ല.