വീട്ടില്‍ നല്ല പഴുത്ത ചക്കയുണ്ടോ? കിടിലന്‍ രുചിയില്‍ അടയുണ്ടാക്കിയാലോ


ല്ല പഴുത്ത ചക്കയുണ്ടോ വീട്ടില്‍, എന്നാല്‍ വെറുതെ കുത്തിയിരുന്ന് തിന്നുതീര്‍ക്കാതെ അതുകൊണ്ട് അടിപൊളി ഒരു അടയുണ്ടാക്കിയാലോ. നല്ല സോഫ്റ്റായ വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന ചക്കയട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഇതിന് ഏറ്റവും ആദ്യം ആവശ്യം നല്ല പഴുത്ത വരിക്ക ചക്കയാണ്. ചക്ക തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഈ അട ഉണ്ടാക്കാന്‍ ആവശ്യമായ മറ്റു വസ്തുക്കള്‍ അരിപ്പൊടി, തേങ്ങാ ചിരകിയത്, ശര്‍ക്കര, ഏലക്ക, നെയ്യ്, ഉപ്പ്, ജീരകം എന്നിവയാണ്.

ചക്കച്ചുള എടുത്ത് മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. പേസ്റ്റ് പരുവത്തില്‍ അരച്ചെടുത്തതിനു ശേഷം അതിലേക്ക് നന്നായി പൊടിച്ച ശര്‍ക്കര പേസ്റ്റാക്കി ചേര്‍ക്കാം. മധുരത്തിന് അനുസരിച്ച് ശര്‍ക്കരയെടുക്കാം. ഓവറാവാതെ നോക്കണേ. ചിരകിയ തേങ്ങകൂടി ഇതിലേക്ക് ചേര്‍ക്കാം. ഏലയ്ക്ക, ചുക്ക്, ജീരകം, നെയ്യ്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് അല്‍പം വെള്ളവും കൂട്ടി നന്നായി യോജിപ്പിക്കുക.

ശേഷം ഇടിയപ്പത്തിന്റെ പാകത്തിന് പൊടിഞ്ഞ അരിപ്പൊടി കൂടി പാകത്തിന് ചേര്‍ത്ത് ചപ്പാത്തി മാവ് കണക്കെ അധികം വെള്ളം ചേര്‍ക്കാതെ കുഴച്ചെടുക്കുക. വാഴയിലയില്‍ പരത്തി ആവികയറ്റിയെടുത്താല്‍ ചൂടന്‍ ചക്കയട റെഡി.